ആളില്ലാവീടുകളിലെ മോഷണവീരൻ പിടിയിൽ
ആളില്ലാവീടുകളിലെ മോഷണവീരൻ പിടിയിൽ
Tuesday, September 27, 2016 1:52 PM IST
കോട്ടയം: മധ്യകേരളത്തിൽ വിവിധ ജില്ലകളിലെ ഒട്ടനവധി വീടുകളിൽ കവർച്ച നടത്തിയ മോഷ്ടാവ് തൊടുപുഴ കോലാനി പാറക്കടവ് ഭാഗത്ത് പഴയ ലക്ഷംവീട് തൃക്കയിൽ സുബ്രഹ്മണ്യന്റെ മകൻ ടി.എസ്. സെൽവകുമാർ (കോലാനി സെൽവൻ, സുരേഷ്–42) അറസ്റ്റിലായി.

കഴിഞ്ഞ 11ന് രാത്രി അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയിൽ ജോസ് ആൻഡ്രൂസിന്റെ വീട് കവർച്ച ചെയ്ത് 18.5 പവൻ സ്വർണാഭരണങ്ങളും പണവും ലാപ്ടോപ്പും മോഷ്ടിച്ചത് ഇയാളാണെന്ന് തെളിഞ്ഞു.

ജോസ് ഏറ്റുമാനൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്റെ ചുമതലയിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മാവേലിക്കരയിൽനിന്നും സെൽവകുമാറിനെ കസ്റ്റഡിയിലെടുത്തത്.

2015 മാർച്ചിൽ ഏറ്റുമാനൂർ മുണ്ടക്കപ്പാടം ഭാഗത്തെ വീട്ടിൽനിന്നും 15 പവനും, 2015 ഓഗസ്റ്റിൽ അയർക്കുന്നത്ത് വീടുപൊളിച്ച് ഒരു ലക്ഷത്തിൽപ്പരം രൂപയുടെ ആഭരണങ്ങളും വജ്രവും നവംബറിൽ ഏറ്റുമാനൂർ മാടപ്പാട് ഭാഗത്ത് വീട്ടിൽനിന്നും 45 പവനും, 2016 മാർച്ചിൽ യൂണിവേഴ്സിറ്റിക്കു സമീപം വീട്ടിൽനിന്നും 10.5 പവനും പണവും, ജൂണിൽ കിടങ്ങൂർ ക്ഷേത്രത്തിനുസമീപമുള്ള വീട്ടിൽനിന്നും ആറര പവനും മോഷ്ടിച്ചതും ഇയാളാണെന്നു തെളിഞ്ഞു. ഇത്തരത്തിൽ ഒട്ടനവധി വീടുകളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. ചോദ്യംചെയ്യൽ തുടരുകയാണ്. ആർപ്പൂക്കരയിൽ 100 പവനിലേറെ മോഷണം നടത്തിയ വീടുകളും ഉള്ളതായി ഇയാളുടെ ലിസ്റ്റിലുണ്ട്. 50 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മാത്രം പ്രതി കവർച്ച ചെയ്തിട്ടുണ്ട്.

ജോസ് ആൻഡ്രൂസിന്റെ വീട്ടിൽനിന്ന് അപഹരിച്ച സ്വർണാഭരണങ്ങൾ ആലപ്പുഴ മുഹമ്മയിലെ ഒരു വെള്ളിക്കടക്കാരന് നിസാര വിലയ്ക്കു വിറ്റതായി കണ്ടെത്തി. മുമ്പു കവർന്ന സ്വർണം കേരളത്തിലും തമിഴ്നാട്ടിലുമുള്ള ചെറിയ ജ്വല്ലറികളിലും പതിവായി വിറ്റുവരികയായിരുന്നു. ഇവ കണ്ടെടുക്കാൻ പോലീസ് ശ്രമം തുടരുന്നു.


19–ാം വയസുമുതൽ മോഷണം തൊഴിലാക്കിയ സെൽവകുമാറിനെതിരേ വിവിധ ജില്ലകളിലായി മോഷണം നടത്തിയതിനു പതിനഞ്ചിലേറെ സ്റ്റേഷനുകളിൽ കേസുകളുണ്ട്. മൂന്നു കേസുകളിലായി ഒമ്പതു വർഷത്തോളം വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. ഒരിടത്തും സ്‌ഥിരതാമസമില്ലാത്ത സെൽവകുമാർ മോഷണമുതൽ വിറ്റുകിട്ടുന്ന പണം അനാശാസ്യപ്രവർത്തനങ്ങൾക്കും മറ്റും ചെലവഴിക്കുകയായിരുന്നു.

പകൽസമയം അലഞ്ഞുതിരിഞ്ഞു നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടുവയ്ക്കുകയും വൈകുന്നേരത്തോടെ വീടിനു പിന്നിൽ ഒളിച്ചിരുന്നു വീട്ടിൽ ആരും വരില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീടിന്റെ പിൻവാതിലോ പിൻജനലോ തകർത്ത് അകത്തു കടക്കുകയുമാണു പതിവ്. ലൈറ്റ് തെളിഞ്ഞു കിടക്കുന്നതും മുൻവശത്ത് പത്രം വെറുതെ കിടക്കുന്നതും ഗേറ്റ് താഴിട്ടുപൂട്ടിയതുമായ വീടുകളാണ് ഇയാൾ പകൽ കണ്ടുവയ്ക്കുക. നായകളില്ലെന്ന് ഉറപ്പാക്കിയാൽ രാത്രിതന്നെ മോഷണം നടത്തും.

നാലാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസമെങ്കിലും പ്രഫഷണൽ മോഷ്ടാക്കളെ വെല്ലുന്ന തന്ത്രമാണ് സെൽവകുമാർ അനുവർത്തിച്ചുപോന്നത്.

മുൻവശം എത്ര ആധുനികവും ബലവത്തായതുമായ വീടാണെങ്കിലും പിൻവശവും അടുക്കളഭാഗവും പലപ്പോഴും ദുർബലമായിരിക്കുമെന്നാണ് ഇയാളുടെ കണ്ടെത്തൽ. പൊട്ടിയതോ ഇളക്കമുള്ളതോ ആയ ജനാല ഇളക്കിമാറ്റി മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിൽ കയറാൻ ഇയാൾ വിദഗ്ധനാണ്.

അന്വേഷണസംഘത്തിൽ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, ഏറ്റുമാനൂർ സിഐ സി.ജെ. മാർട്ടിൻ, എസ്ഐ അനൂപ് ജോസ്, ഷാഡോ പോലീസ് അംഗങ്ങളായ ഷിബുക്കുട്ടൻ, അജിത് കുമാർ, ബിജുമോൻ നായർ, സജി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.