തിരുവനന്തപുരത്തെ യുഡിഎഫ് ഹർത്താൽ ബന്ദായി
തിരുവനന്തപുരത്തെ യുഡിഎഫ് ഹർത്താൽ ബന്ദായി
Wednesday, September 28, 2016 2:18 PM IST
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തിൽ സമരം ചെയ്ത യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൻ ബന്ദായി. രാവിലെ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾക്കു നേരെയും സ്വകാര്യ വാഹനങ്ങൾക്കു നേരെയും സമരക്കാർ ആക്രമണം നടത്തിയതോടെ ഉച്ചയോടെ നിരത്തുകളിൽ നിന്നു വാഹനങ്ങൾ ഒഴിഞ്ഞു. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഉച്ചകഴിഞ്ഞ് നിരത്തുകളിലുണ്ടായിരുന്നത്.

ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റേതുൾപ്പെടെയുള്ള വാഹനങ്ങൾ സമരക്കാർ വഴിയിൽ തടഞ്ഞു. ഇവരെ പിന്നീട് പോലീസ് എത്തിയാണ് പിൻതിരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ് അഡ്വൈസർ പ്രഭാവർമ സഞ്ചരിച്ച കാർ തടഞ്ഞ സമരക്കാർ അദ്ദേഹത്തെ കാറിൽ നിന്ന് ഇറക്കിവിട്ടു. ദൂരയാത്ര കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ എത്തിയവരും ആശുപത്രികളിലേക്കു പോകാനെത്തിയവരും യാത്രാസൗകര്യം ലഭിക്കാതെ വലഞ്ഞു. പോലീസ് വാഹനങ്ങളിലാണ് പലരെയും ആശുപത്രികളിലെത്തിച്ചത്.


കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. തുറന്ന കടകൾ അടപ്പിച്ചു. സർവീസ് നടത്താനിറങ്ങിയ ഓട്ടോറിക്ഷകളും സമരക്കാർ തടഞ്ഞത് ചിലയിടങ്ങളിൽ സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ മിക്കതും അവധി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.