സ്വാശ്രയ സമരം ശക്‌തമാക്കാൻ യുഡിഎഫ് തീരുമാനം
Thursday, September 29, 2016 1:53 PM IST
തിരുവനന്തപുരം: സ്വാശ്രയ സമരം കൂടുതൽ ശക്‌തമാക്കാൻ യുഡിഎഫ് തീരുമാനം. ഇന്നലെ ചേർന്ന അടിയന്തിര യുഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമസഭയിൽ നിരാഹാരം അനുഷ്‌ടിക്കുന്ന എംഎൽഎമാരുടെ തുടർസമരം സംബന്ധിച്ച് ഇന്നു യുഡിഎഫ് എംഎൽഎമാർ യോഗം ചേർന്നു തീരുമാനം കൈക്കൊള്ളും.

വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുസമൂഹത്തേയും കബളിപ്പിച്ചു സർക്കാർ ഉണ്ടാക്കിയ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ വേണ്ടിയാണു യുഡിഎഫ് സമരം നടത്തുന്നത്. ഫീസ് വർധന, തലവരിപ്പണം എന്നിവയിലൂടെ വലിയ അഴിമതിയാണു സർക്കാർ നടത്തിയത്. പ്രതിപക്ഷം നടത്തുന്ന സമരത്തെ ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ ഇല്ലാതാക്കാനാണു സർക്കാരിന്റെ ശ്രമം. സമരം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി നാളെ സംസ്‌ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് മാർച്ചും പ്രതിഷേധ ധർണയും നടത്തും.

ഒക്ടോബർ മൂന്നിനു യുഡിഎഫ് സംസ്‌ഥാന കമ്മിറ്റിയും ജില്ലാ കൺവീനർമാരുടെയും ചെയർമാൻമാരുടെയും അടിയന്തര യോഗവും തിരുവനന്തപുരത്ത് നടത്തും. അന്നു ഉച്ചകഴിഞ്ഞ് 2.30ന് യുഡിഎഫ് വിദ്യാർഥി യുവജനസംഘടനകളുടെ യോഗവും വൈകുന്നേരം 4.30 ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയും യോഗം ചേരും.

സമരം നടത്തിയ വിദ്യാർഥികൾക്കു നേരേ പോലീസിന്റെ കിരാതമായ വേട്ടയാണ് ഉണ്ടായത്. പ്രതിപക്ഷവുമായി ഇന്നലെ സ്പീക്കർ നടത്തിയ ചർച്ചയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. തലവരിപ്പണം വാങ്ങുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഏതു ഗ്രഹത്തിലാണു താമസിക്കുന്നതെന്നു മനസിലാവുന്നില്ല.


കഴിഞ്ഞ ദിവസം മെഡിക്കൽ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പകർപ്പ് പ്രവേശന പരീക്ഷാ കമ്മീഷണർക്കോ ജയിംസ് കമ്മിറ്റിക്കോ ലഭിച്ചിട്ടില്ല. സർക്കാർ സ്റ്റാൻഡിംഗ് കോൺസൽ എന്തു ചെയ്യുകയാണെന്നു സംശയം തോന്നുകയാണ്. വിധിപ്പകർപ്പ് ലഭിക്കാത്തതിനാൽ തുടർനടപടി സ്വീകരിക്കാൻ ജെയിംസ് കമ്മിറ്റിക്കു സാധിക്കുന്നില്ല. സ്വാശ്രയപ്രശ്നത്തിൽ ആരോഗ്യമന്ത്രി കള്ളം പറയുകയാണ്. കെഎംസിടി കോളജിൽ പ്രവേശനം നടത്താൻ കഴിഞ്ഞ ദിവസം കോടതി അനുമതി നല്കി. അപേക്ഷ സ്വീകരിച്ചു പ്രവേശന നടപടികൾ 30നുള്ളിൽ പൂർത്തിയാകില്ലെന്നു വ്യക്‌തമാണ്. ജയിംസ് കമ്മിറ്റി, എൻട്രൻസ് കമ്മീഷണറേറ്റ് എന്നിവരോടു മാനേജ്മെന്റുകൾ കൃത്യമായ വിവരം നല്കാതെ ധിക്കാരപരമായ നിലപാടാണു സ്വീകരിക്കുന്നത്. സംസ്‌ഥാന സർക്കാർ സ്വാശ്രയ വിഷയത്തിൽ ഹൈക്കോടതിയിൽ പരാജയപ്പെട്ടപ്പോൾ സുപ്രീം കോടതിയെ സമീപിക്കാഞ്ഞതു മാനേജുമെന്റുകളുമായി ഉണ്ടാക്കിയ ധാരണയുടെ ഫലമായാണ്. മാനേജ്മെന്റുകൾ പറയുന്നത് അതേപടി അനുസരിക്കുന്ന സർക്കാരിനെയാണുകാണാൻ കഴിയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.