അഞ്ചാംദിനവും നിയമസഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി
അഞ്ചാംദിനവും നിയമസഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി
Friday, September 30, 2016 12:31 PM IST
തിരുവനന്തപുരം: അഞ്ചാം ദിവസവും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി നിയമസഭ പിരിഞ്ഞു. സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നതു തടയാൻ സർക്കാരിനു കഴിയുന്നില്ലെന്ന് ആരോപിച്ചു നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും മുദ്രാവാക്യത്തിനുമിടയിൽ നിയമസഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു. നടുത്തളത്തിൽനിന്നു സ്പീക്കറുടെ വേദിയിലേക്കു കയറി പ്രകോപനം സൃഷ്‌ടിക്കാൻ പ്രതിപക്ഷത്തെ അൻവർ സാദത്ത് ഇന്നലെ ശ്രമിച്ചെങ്കിലും കോൺഗ്രസിലെ തന്നെ മറ്റംഗങ്ങൾ ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ പിന്തിരിപ്പിച്ചതിനെ തുടർന്ന് അനിഷ്‌ട സംഭവങ്ങൾ ഒഴിവായി.

പ്രതിഷേധം പ്രകടിപ്പിക്കാൻ കറുത്ത ബാഡ്ജ് ധരിച്ചാണ് യുഡിഎഫ് അംഗങ്ങൾ ഇന്നലെ നിയമസഭയിലെത്തിയത്. പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോൺഗ്രസ്–എം സ്വാശ്രയ ഫീസ് വർധിപ്പിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.

നിയമസഭാ കവാടത്തിനു മുന്നിൽ എംഎൽഎമാരായ അനൂപ് ജേക്കബ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവർ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്കു കടന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരടക്കം നിരവധി ഭരണപക്ഷ അംഗങ്ങൾ സമരം നടത്തുന്ന എംഎൽഎമാരെ സന്ദർശിച്ചു. ഇന്നലെ രാവിലെ നിയമസഭ ചേരുമ്പോൾ, നിരാഹാരസമരം നിയമസഭാ ഹാളിനുള്ളിലേക്കു കൊണ്ടുപോകണമെന്നു സമരം നടത്തുന്ന എംഎൽഎമാരിൽ ചിലർ ആവശ്യം ഉന്നയിച്ചെങ്കിലും നേതാക്കൾ പിന്തിരിപ്പിച്ചു.

സ്വാശ്രയ കോളജുകൾ മെഡിക്കൽ പ്രവേശനത്തിനു തലവരിപ്പണം വാങ്ങുമ്പോൾ സർക്കാർ നോക്കുകുത്തിയായി ഇരിക്കുന്നുവെന്ന് ആരോപിച്ചു കോൺഗ്രസിലെ വി.ടി. ബലറാമാണു ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം സർക്കാർ നടപടിക്കെതിരേ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികൾക്കിടയിൽ ശ്രദ്ധക്ഷണിക്കലും സബ്മിഷനും വേഗത്തിൽ പൂർത്തിയാക്കി വെള്ളിയാഴ്ചയിലെ അനൗദ്യോഗിക അംഗങ്ങളുടെ ബില്ലുകൾ റദ്ദാക്കി 11.10നു സഭാ നടപടികൾ അവസാനിപ്പിച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു.


പരിയാരം സഹകരണ മെഡിക്കൽ കോളജിലെ ഫീസ് വർധനയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വാക്കുകളിലൂടെ കൊമ്പുകോർത്തു. സ്വകാര്യ സ്വാശ്രയ കോളജുകളിൽ മെരിറ്റ് സീറ്റിന് 65,000 രൂപ വർധിപ്പിച്ചപ്പോൾ പരിയാരം സഹകരണ മെഡിക്കൽ കോളജിൽ ഒരു ലക്ഷം രൂപ ഒറ്റയടിക്കു കൂട്ടിയതായി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. പരിയാരത്തെ ചെലവുകൾ അനിയന്ത്രിതമായി ഉയർന്ന സാഹചര്യത്തിലാണു ഫീസ് വർധന നടപ്പാക്കേണ്ടി വന്നതെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പരിയാരം മെഡിക്കൽ കോളജിൽ സിപിഎം പ്രവർത്തകർക്ക് അനാവശ്യ തസ്തിക സൃഷ്‌ടിച്ചു ജോലി നൽകിയതിനാലാണു അവിടത്തെ ചെലവു വർധിക്കാൻ ഇടയാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ ഭാരമാണു സാധാരണക്കാരായ വിദ്യാർഥികളുടെ മേൽ കനത്ത ഫീസിന്റെ രൂപത്തിൽ അടിച്ചേല്പിക്കുന്നതെന്നും രമേശ് ആരോപിച്ചു.

തലവരിപ്പണം വാങ്ങുന്ന ചില കോളജുകൾ ഉണ്ടെന്നും ഇവയെ സർക്കാർ നിലയ്ക്കു നിർത്തുമെന്നുമുള്ള മന്ത്രി കെ.കെ. ശൈലജയുടെ പരാമർശമാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. തലവരിപ്പണം വാങ്ങുന്നുവെന്നു മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ പണം വാങ്ങുന്നതിനു തെളിവു ചോദിക്കുന്ന നടപടി ശരിയല്ലെന്നു അടിയന്തരപ്രമേയ അവതരണം നടത്തിയ വി.ടി. ബലറാം പറഞ്ഞു. തലവരിപ്പണം വാങ്ങാൻ കോളജുകൾ ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും ബലറാം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.