എംഎൽഎമാരുടെ നിരാഹാരം അഞ്ചാം ദിനത്തിലേക്ക് അനൂപ് ആശുപത്രിയിൽ
എംഎൽഎമാരുടെ നിരാഹാരം അഞ്ചാം ദിനത്തിലേക്ക് അനൂപ് ആശുപത്രിയിൽ
Saturday, October 1, 2016 12:48 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്കു കടന്നു. നിരാഹാരമനുഷ്ഠിച്ചിരുന്ന അനൂപ് ജേക്കബിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണിത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനൂപിന്റെ കുടുംബാംഗങ്ങളുമായും യുഡിഎഫ് നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ, നിരാഹാരം തുടരാൻ തയാറാണെന്ന് അനൂപ് അറിയിച്ചു. തുടർന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിരാഹാരം നടത്തുന്ന എംഎൽഎമാരുമായും രമേശ് ചെന്നിത്തലയുമായും ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തി. അതിനു ശേഷമാണ് അനൂപ് ജേക്കബിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവർ ഇപ്പോഴും നിരാഹാരം തുടരുകയാണ്. രണ്ടു ദിവസം അനുഭാവ സത്യഗ്രഹം നടത്തിയ മുസ്ലിം ലീഗ് അംഗങ്ങളായ എൻ.ഷംസുദീൻ, കെ.എം. ഷാജി എന്നിവർക്കു പകരം എൻ.എ. നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും ഇപ്പോഴും സത്യഗ്രഹം തുടരുന്നുണ്ട്.നിരാഹാരം അനുഷ്ഠിക്കുന്ന എംഎൽഎമാരെ ജില്ലയിലെ എംഎൽഎമാരും കോൺഗ്രസ് നേതാക്കളും ഇന്നലെ സന്ദർശിച്ചു. യുഡിഎഫ് ഇന്നലെ നിയോജക മണ്ഡലം ധർണകൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തു സംഘടിപ്പിച്ച ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആലപ്പുഴയിൽ സംഘടിപ്പിച്ച ധർണ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ഉദ്ഘാടനം ചെയ്തു. ചർച്ചയ്ക്കു തയാറാകാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം സ്വാശ്രയ മെഡിക്കൽ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.