സിപിഎം നേതാവിന്റെ വീടിനു ബോംബേറ്; 19 ആർഎസ്എസ് പ്രവർത്തകർക്കെതിരേ കേസ്
Saturday, October 22, 2016 12:12 PM IST
പാനൂർ (കണ്ണൂർ): സിപിഎം നേതാവിന്റെ വീടിനുനേരേ ബോംബേറ്. സിപിഎം ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ. അശോകന്റെ ചെറുവാഞ്ചേരിയിലുള്ള വീടിനു നേരേയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച അർധരാത്രി 12ഓടെയായിരുന്നു സംഭവം. സംഭവത്തിൽ അശോകന്റെ ഗൺമാനും കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരനുമായ പാട്യം പുതിയതെരുവിലെ പി. രഞ്ജിത്തിന് (29) പരിക്കേറ്റു.

രഞ്ജിത്തിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ജനലിനരികിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിന് ചില്ലുകൾ തെറിച്ചാണു പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് അശോകന്റെ പരാതിപ്രകാരം 19 ആർഎസ്എസ് പ്രവർത്തകർക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അശോകൻ ആർഎസ്എസ് വിട്ടാണ് സിപിഎമ്മിൽ ചേർന്നത്.


അശോകനു നേരേ ഇതിനുമുമ്പും വധശ്രമവും ഭീഷണിയുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷയ്ക്കായി ഗൺമാനെ നിയോഗിച്ചത്.

സംഭവമറിഞ്ഞ് കണ്ണവം പ്രിൻസിപ്പൽ എസ്ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

പങ്കില്ലെന്നു ബിജെപി

കണ്ണൂർ: ചെറുവാഞ്ചേരിയിലെ സിപിഎം പ്രവർത്തകൻ എ.അശോകന്റെ വീടിനുനേരെ ബോംബെറിഞ്ഞുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ബിജെപിക്കോ സംഘപരിവാർ പ്രസ്‌ഥാനങ്ങൾക്കോ പങ്കില്ലെന്നു ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.