അവയവ ദാനത്തിന്റെ പുണ്യത്തിലേക്കു ബ്ലെസൻ
അവയവ ദാനത്തിന്റെ പുണ്യത്തിലേക്കു ബ്ലെസൻ
Sunday, October 23, 2016 1:00 PM IST
തൃശൂർ: ആക്ട്സിന്റെ സേവനപാതയിൽനിന്ന് അവയവദാനത്തിന്റെ പുണ്യത്തിലേക്ക് ഒരാൾകൂടി. ആക്ട്സിന്റെ മുതുവറ ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി തൃശൂർ പേരാമംഗലം കണ്ണനായ്ക്കൽ വീട്ടിൽ ബ്ലെസനാണ് കാരുണ്യവർഷത്തിൽ കിഡ്നി ദാനം ചെയ്യുന്നത്.

ആക്ട്സിന്റെ ഉപജ്‌ഞാതാവും ജനറൽ സെക്രട്ടറിയുമായ ഫാ. ഡേവിസ് ചിറമ്മൽ കിഡ്നി ദാനംചെയ്തതിന്റെ സെബാറ്റിക്കൽ ഇയറിലാണ് (ഏഴാം വർഷം) ബ്ലെസന്റെ മഹാദാനം. കഴിഞ്ഞ അഞ്ചു വർഷമായി ഡയാലിസിസ് ചെയ്യുന്ന കണ്ണൂർ ഇരിക്കൂർ വട്ടിയംതോട് സ്വദേശിയും ദരിദ്ര കർഷകനുമായ ചാക്കോയാണു വൃക്ക സ്വീകരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കാതെ വേറെ മാർഗമില്ലെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം ആവശ്യമായ തുക കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിലെത്തി പേരു രജിസ്റ്റർ ചെയ്യുകയായിരുന്നു. ചാക്കോയുടെ സാമ്പത്തിക പരാധീനതയും സന്മനസും ഫാ.ചിറമ്മലിൽനിന്നു കേട്ടറിഞ്ഞ ബ്ലെസൻ ചാക്കോയെ ഇരിട്ടിയിലെ വീട്ടിൽ സന്ദർശിക്കുകയും സ്‌ഥിതിഗതികൾ നേരിട്ടു മനസിലാക്കുകയും വൃക്കദാനം ചെയ്യാനുള്ള സമ്മതം അറിയിക്കുകയുമായിരുന്നു. തുടർന്നു ശസ്ത്രക്രിയയ്ക്കുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയും പരിശോധനകൾക്കുശേഷം വൃക്ക ദാനത്തിന് അനുകൂലമാണെന്നു കണ്ടെത്തുകയുമായിരുന്നു.


നാളെ എറണാകുളം ലിസി ആശുപത്രിയിലാണു ശസ്ത്രക്രിയ. സംസ്‌ഥാന സർക്കാരിന്റെ മികച്ച ജൈവ കർഷ കനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബ്ലെസൻ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്.

ഭാര്യ: ലൗലി. മക്കൾ: അലക്സ്, അന്ന. ഭാര്യ ലൗലിയും മക്കളും വൃക്കദാനത്തിനു പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. വൃക്കദാനത്തിനു മുന്നോട്ടുവന്ന ആദ്യ ആക്ട്സ് പ്രവർത്തകനാണു ബ്ലെസനെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി കൂടിയായ ഫാ.ഡേവിസ് ചിറമ്മൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.