പോലീസിനെതിരേ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണിപ്രസംഗം
Wednesday, October 26, 2016 12:15 PM IST
കാസർഗോഡ്: പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സി.എ. സുബൈർ നടത്തിയ ഭീഷണിപ്രസംഗം വിവാദത്തിൽ. ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ കുമ്പള എസ്ഐ മെൽവിൻ ജോസിനും മഞ്ചേശ്വരം എസ്ഐ പ്രമോദിനുമെതിരേയാണു സുബൈറിന്റെ ഭീഷണിപ്രസംഗം. ഡിവൈഎഫ്ഐ പ്രവർത്തകനായ കബീറിനെ ഏതാനും ദിവസം മുമ്പ് കുമ്പള ടൗണിൽ വച്ച് എസ്ഐ മെൽവിൻ ജോസ് പിടികൂടിയിരുന്നു. ഇരുതലയുള്ള കത്തിയുമായിട്ടായിരുന്നു അറസ്റ്റ്. ഇയാളെ പോലീസ് മർദിച്ചെന്നാരോപിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ കുമ്പളയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സുബൈർ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതു സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.


യൂണിഫോം അഴിച്ചു വന്നാൽ നേരിൽ കാണാമെന്നും എസ്ഐയുടെ കണ്ണൂരിലെ വീട് എവിടെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവിടെയും സഖാക്കൾ ഉണ്ടെന്ന കാര്യം എസ്ഐ ഓർക്കണമെന്നും പ്രസംഗത്തിൽ പറയുന്നു. മഞ്ചേശ്വരം എസ്ഐക്കെതിരേയും സുബൈർ മോശം ഭാഷ ഉപയോഗിച്ചാണ് ഭീഷണി മുഴക്കിയത്. സംഭവം വിവാദമായതോടെ സുബൈറിനെതിരേ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്. എന്നാൽ, പോലീസിനെതിരേ നടത്തിയതു ഭീഷണി പ്രസംഗമല്ലെന്നും പ്രതിഷേധ യോഗത്തിൽ സ്വാഭാവികമായി ഉയർന്നു വരാറുള്ള വികാര പ്രകടനമാണെന്നുമാണു സുബൈറിന്റെ വിശദീകരണം.

പോലീസ് നിർഭയമായി പ്രവർത്തിക്കാൻ സാഹചര്യമൊരുക്കുമെന്നു സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിനിടയിലാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരസ്യമായ ഭീഷണിയെന്നതാണ് ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.