മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്ന ബിപിഎലുകാർക്കു സൗജന്യ അരി തുടരും
Wednesday, October 26, 2016 12:26 PM IST
തിരുവനന്തപുരം: മുൻഗണനാപട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്ന ബിപിഎൽ– എഎവൈ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കു സൗജന്യ നിരക്കിലുള്ള അരി വിതരണം തുടരാൻ മന്ത്രിസഭ തത്ത്വത്തിൽ തീരുമാനിച്ചു.

ഒഴിവാക്കപ്പെടുന്നവർക്ക് എത്രത്തോളം അരി ഏതു നിരക്കിൽ നല്കാൻ കഴിയുമെന്നതിനെക്കുറിച്ചു റിപ്പോർട്ട് നല്കാൻ ധന വകുപ്പിനോട് ആവശ്യപ്പെടും. ഇതനുസരിച്ചുണ്ടാകുന്ന അധിക സാമ്പത്തികബാധ്യതയും ധനവകുപ്പു വിലയിരുത്തും. റേഷൻ കാർഡിലെ മു–ൻഗണനാ പട്ടികയിലെ അപാകതകൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ കോർപറേഷനുകൾക്കും തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി നിർദേശം നൽകി.

മുൻഗണനാപട്ടികയിൽ നിന്നു പുറത്താകുന്നതോടെ ഭക്ഷ്യധാന്യം ലഭിക്കാതാകുന്ന അർഹരായവർക്കു സൗജന്യ നിരക്കിലുള്ള അരി വിതരണം തുടരണമെന്ന നിർദേശമാണു മന്ത്രിസഭ കൈക്കൊണ്ടത്.

കേന്ദ്രത്തിൽനിന്ന് ആകെ ലഭ്യമാകുന്ന അരി 14.25 ലക്ഷം ടൺ ആണ്. അതിൽ മുൻഗണനാപട്ടികക്കാർക്കു നൽകുന്ന 10.25 ലക്ഷം ടൺ അരി കഴിഞ്ഞാൽ ബാക്കി നാലു ലക്ഷം ടൺ അരി എങ്ങനെ വീതിച്ചുനൽകാമെന്നാണു കണക്കാക്കേണ്ടത്. ഈ നാല് ലക്ഷം ടൺ 8.30 രൂപയ്ക്കാണ് കേന്ദ്രത്തിൽ നിന്നു വാങ്ങുന്നത്. ഇത് ഏതു നിരക്കിൽ വിതരണം ചെയ്യണമെന്നും അപ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയെന്നുമാണു ധനവകുപ്പ് പരിശോധിക്കുക.


ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിച്ചശേഷം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പ്രസ്താവന നടത്തും. 15,000 കുടുംബങ്ങൾ റേഷൻ വേണ്ടെന്ന് ഇതിനോടകം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇവർ വാങ്ങിയിരുന്ന റേഷൻ വിഹിതം മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്കു നൽകാനാകും. കരടു മുൻഗണനാപട്ടിക താത്കാലികമായി അംഗീകരിച്ചതോടെ നവംബർ ഒന്നു മുതൽ കേന്ദ്ര നിരക്കായ മൂന്നു രൂപയ്ക്ക് അരി ലഭിച്ചു തുടങ്ങും.

സംസ്‌ഥാനത്ത് പൂർണ സൗജന്യമായും സൗജന്യ നിരക്കിലും അന്ത്യോദയ കാർഡ് ഉടമകൾ ഉൾപ്പെടെ 2.85 കോടി ആളുകൾക്ക് ഇപ്പോൾ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്. എന്നാൽ, 1.54 കോടി ഗുണഭോക്‌താക്കൾക്കു മാത്രമേ മൂന്നു രൂപ നിരക്കിൽ കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന അരി നല്കാനാവുകയുള്ളു. അവശേഷിക്കുന്ന 1.86 കോടി ആളുകൾക്ക് 8.30 രൂപയ്ക്ക് കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന അരി വേണം വാങ്ങി നല്കാൻ. ഇതുകൂടാതെ ഉച്ചക്കഞ്ഞി, ശിശു ക്ഷേമ പദ്ധതി, ആംഗൻവാടി, അനാഥാലയങ്ങൾ എന്നിവയ്ക്കുള്ള അരി വിഹിതം കൂടി കണ്ടെത്തണം.

28 ന് നടക്കുന്ന എംപി മാരുടെ യോഗത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സംസ്‌ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.