കേന്ദ്ര ക്ഷേമപദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നില്ല: അമിത്ഷാ
കേന്ദ്ര ക്ഷേമപദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നില്ല: അമിത്ഷാ
Monday, December 5, 2016 4:59 PM IST
കൊച്ചി: പാവങ്ങൾക്കും കർഷകർക്കുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ക്ഷേമപദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കറുകുറ്റി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ ബിഡിജെഎസ് രൂപീകരണത്തിന്റെ ഒന്നാം വാർഷിക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മുൻ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും കേന്ദ്രപദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന് തടസം നിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ വികസനം ആഗ്രഹിക്കുന്നില്ല. അക്രമരാഷ്ട്രീയമാണ് എൽഡിഎഫിനു താത്പര്യം. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം എൻഡിഎ പ്രവർത്തകർക്കുനേരേയുള്ള അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. അക്രമങ്ങൾ തങ്ങളെ ഇല്ലാതാക്കില്ലെന്നും എൻഡിഎ ശക്‌തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളെയും തൃണമൂൽ മുതൽ സമാജ്വാദി പാർട്ടികളെ വരെയും അസ്വസ്‌ഥരാക്കി. കള്ളപ്പണം ഇല്ലാതാക്കാനുള്ള ശക്‌തമായ നടപടിയാണ് മോദി സർക്കാർ നടപ്പിലാക്കിയത്. സാമ്പത്തിക പരിഷ്കാരത്തിലൂടെ രാജ്യത്തുണ്ടാകുന്ന മാറ്റം പാവപ്പെട്ടവരെ വികസനപാതയിലൂടെ നടത്തുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അമിത് ഷാ പറഞ്ഞു.

മോദി സർക്കാരിന് അതിർത്തിസുരക്ഷാ കാര്യത്തിൽ പ്രത്യേക താത്പര്യമുണ്ട്. വിദേശരാജ്യങ്ങളുമായി നല്ല സൗഹൃദങ്ങളുണ്ടാക്കണമെന്നാണ് തങ്ങളുടെ നയം. അതേസമയം അതിർത്തിയിൽ അസ്വസ്‌ഥതകൾ സൃഷ്‌ടിച്ചാൽ ശക്‌തമായ മറുപടി കൊടുക്കും. ഉറിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 12 ജവാന്മാർ കൊല്ലപ്പെട്ടു. പക്ഷേ, ഇവിടെ ഭരിക്കുന്നത് കോൺഗ്രസ് അല്ല, എൻഡിഎ ആണ്. അതുകൊണ്ട് അവർക്ക് ശക്‌തമായ തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ദേശീയതലത്തിൽ നടക്കുന്ന വികസനം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിലും സാധ്യമാക്കും. എൻഡിഎ ഘടകകക്ഷികൾ ഒന്നിച്ചു ചേർന്ന് മുന്നണിയെ ശക്‌തിപ്പെടുത്തണം. ബിജെപി–ബിഡിജെഎസ് കൂട്ടുകെട്ട് എൻഡിഎയെ മുന്നോട്ടു നയിക്കണം. കേരളത്തിൽ ആരു ഭരിച്ചാലും എൻഡിഎ സർക്കാരിന്റെ സഹായ സഹകരണങ്ങൾ സംസ്‌ഥാനത്തിനുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.


സംഘടനയിലൂടെ ശക്‌തരാകാനും വ്യവസായത്തിലൂടെ ശക്‌തരാകാനും ശ്രീനാരായണഗുരു നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് മോദി സർക്കാർ പിന്തുടരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ കേരളത്തിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ അടിസ്‌ഥാനത്തിൽ വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണി ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു.

ചടങ്ങിൽ ബിഡിജെഎസ് സംസ്‌ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ആറു മാസത്തിനുള്ളിൽ 60 ശതമാനത്തിനു മുകളിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് ശക്‌തമായ കേഡർ പാർട്ടിയായി ബിഡിജെഎസ് മാറുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മോദി സർക്കാർ നടത്തുന്ന കർമപദ്ധതികൾ കേരളത്തിലെത്തിക്കാൻ കൂടെനിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് നയരേഖ അമിത് ഷായ്ക്കു നല്കി പ്രകാശനം ചെയ്തു. ബിഡിജെഎസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു, ജനറൽ സെക്രട്ടറി സുഭാഷ് വാസു, വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട്, എറണാകുളം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, എൻഡിഎ സംസ്‌ഥാന വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ എംപി തുടങ്ങിയവർ പ്രസംഗിച്ചു. എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരൻ, ഘടകക്ഷി നേതാക്കളായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, പി.സി. തോമസ്, കുരുവിള മാത്യൂസ്, എ.എൻ. രാജൻ ബാബു, കെ.കെ. പൊന്നപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.