നാളികേരം സഹകരണ മേഖലയിൽ സംഭരിക്കും: കൃഷിമന്ത്രി
നാളികേരം സഹകരണ മേഖലയിൽ സംഭരിക്കും: കൃഷിമന്ത്രി
Tuesday, December 6, 2016 3:42 PM IST
കണ്ണൂർ: സഹകരണമേഖലയിൽ നാളികേരം സംഭരിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നു വകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ. ഇതിനു മുന്നോടിയായി കേരകർഷക സംഘടനകളുടെ യോഗം വിളിച്ചുചേർത്തു ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാൻസഭ (എഐകെഎസ്) ജില്ലാ കൺവൻഷൻ കണ്ണൂർ ബാലറാം ട്രസ്റ്റ് കോംപ്ലക്സ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരഫെഡ് 55 കോടിയോളം രൂപ നഷ്‌ടത്തിലാണു പ്രവർത്തിക്കുന്നത്. കേരഫെഡിൽ 12 ടണ്ണോളം കൊപ്ര നിലവിൽ സ്റ്റോക്കുണ്ട്. മുൻകാലങ്ങളിൽ നല്ല തേങ്ങ തമിഴ്നാടിനു നൽകി അവിടെനിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞ അഞ്ചു വർഷമായി ഈ ഇടപാടിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ട്.

ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തും. കേരഫെഡിനെ സാമ്പത്തികമായി ഉയർത്താൻ 39 കോടി രൂപ നൽകും. ഈ സർക്കാർ വരുമ്പോൾ കേരഫെഡിന് 82 കോടി രൂപ കുടിശിക ഉണ്ടായിരുന്നു. സർക്കാർ വൈകാതെ അഗ്രികൾച്ചറൽ ബിസിനസ് കേന്ദ്രങ്ങൾ ആരംഭിക്കും. നമ്മുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ഒരു വിഹിതം കർഷകർക്ക് ലഭ്യമാകുന്ന വിധത്തിൽ മാറ്റങ്ങൾ ഉണ്ടാകും. കാലാവസ്‌ഥാ വ്യതിയാനം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.


വരൾച്ച വലിയ പ്രശ്നമായി മാറും. ഇതു കാർഷികമേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. തെങ്ങിന്റെ രോഗം നേരിടാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളും. പുതിയ ഗുണമേന്മയുള്ള തെങ്ങിൻതൈകൾ വ്യാപകമാക്കും. നാളികേര വികസന കോർപറേഷന്റെ പ്രവർത്തനം ഫലപ്രദമായി നടക്കുന്നില്ല. നാളികേരം വാങ്ങി സബ്സിഡി കൊടുത്താലൊന്നും നാളികേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, എ. പ്രദീപൻ, പി. സന്തോഷ് കുമാർ, സി.പി. സന്തോഷ് കുമാർ, കെ.ടി. ജോസ്, സി.പി. ഷൈജൻ, കണ്ണാലയം ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.