തിരുവനന്തപുരം: സ്ഥിരം യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസിയിൽ ആരംഭിക്കുന്ന പ്രതിമാസ യാത്രാ കാർഡ് സംവിധാനം നാളെ നിലവിൽ വരും. നാലു വിഭാഗങ്ങളിലായി 3000 കാർഡുകളാണ് തയാറാക്കിയിട്ടുള്ളത്. കാർഡുകളുടെ വിതരണം കഴിഞ്ഞ 19ന് ആരംഭിക്കാനിരുന്ന താണ്. നിശ്ചിത തുകയ്ക്കുള്ള പാസ് എടുക്കുന്നവർക്ക് പുതിയ സംവിധാനം വഴി ബസുകളിൽ ഒരുമാസം യഥേഷ്ടം യാത്ര ചെയ്യാം.
5000രൂപ, 3000 രൂപ, 1500രൂപ, 1000 രൂപ എന്നീ തുകകൾക്കുള്ള പ്രതിമാസ പാസുകളാണ് ലഭ്യമാക്കുക. ആയിരം രൂപയുടെ ബ്രോണ്‍സ് കാർഡുകൾ ജില്ലയ്ക്കുള്ളിലെ സർവീസ്, സിറ്റി ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകളിൽ ഉപയോഗിക്കാം. സിറ്റി സർവിസ്, സിറ്റി ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ജൻറം നോണ്‍ എസി ബസുകളിൽ 1500 രൂപയുടെ സിൽവർ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം.
3000 രൂപയുടെ ഗോൾഡ് കാർഡ് വാങ്ങുന്നവർക്ക് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജൻറം നോണ്‍ എസി ബസുകളിൽ യാത്ര ചെയ്യാം. ജൻറം എസി, ജൻറം നോണ്‍ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ്, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി, സിറ്റി സർവിസ്, സിറ്റി ഫാസ്റ്റ് ബസുകളിൽ 5000 രൂപയുടെ പ്രീമിയം കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും.
മുൻകൂട്ടി പണമടച്ച് വാങ്ങുന്ന കാർഡുപയോഗിച്ച് പരിധിയില്ലാതെ യാത്രചെയ്യാം. ഒരു മാസമാണ് കാർഡിന്റെ കാലാവധി. കാലാവധി കഴിഞ്ഞാൽ പണമടച്ച് യാത്രക്കാർക്ക് ഇതു പുതുക്കുന്നതിനും സംവിധാനമുണ്ടാകും. കെഎസ്ആർടിസി ഡിപ്പോകളിലെ കാഷ്കൗണ്ടറിൽ നിന്നു യാത്രക്കാർക്ക് കാർഡുകൾ വാങ്ങാം.
കണ്ടക്ടർ യാത്രാകാർഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയർ സ്റ്റേജും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.