കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻ കോണ്‍ഗ്രസിന് ആവേശമായി 22 കേന്ദ്രങ്ങളിൽ പ്രതിനിധിസംഗമങ്ങൾ. വരാപ്പുഴ അതിരൂപതയിലും കൊച്ചി, ആലപ്പുഴ, കോട്ടപ്പുറം രൂപതകളിലുമായി നടന്ന പ്രതിനിധിസംഗമങ്ങളിൽ 3500 പ്രതിനിധികളും മുപ്പതോളം ബിഷപ്പുമാരും ഇടവക ജനങ്ങളുമായി ആശയവിനിമയം നടത്തി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മെത്രാൻമാർ, അല്മായ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, സന്യാസസഭാ മേധാവികൾ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി.
ഇതരസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയുള്ള മെത്രാൻമാർ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ദിവ്യബലിയർപ്പിച്ചു.
ആർച്ച്ബിഷപ്പുമാരായ ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി), ഡോ. ഏബ്രഹാം വിരുതുകുളങ്ങര (നാഗ്പൂർ), ബിഷപ്പുമാരായ ഡോ. പീറ്റർ പറപ്പിള്ളി (ഝാൻസി), ഡോ. ഇഗ്നേഷ്യസ് മസ്ക്രിനാസ് (സിംല), ഡോ. അലക്സ് വടക്കുംതല(കണ്ണൂർ), ഡോ. ജോണ്‍ തോമസ് കാട്രുകുടിയിൽ (ഇറ്റാനഗർ), ഡോ. വർഗീസ് ചക്കാലക്കൽ(കോഴിക്കോട്), ഡോ. ജോസഫ് കാരിക്കശേരി(കോട്ടപ്പുറം), ഡോ. തോമസ് തെന്നാട്ട് (ഗ്വാളിയർ), ഡോ. ചാക്കോ തോട്ടുമാരിക്കൽ (ഇൻഡോർ), ഡോ. ജോർജ് പള്ളിപ്പറന്പിൽ (മിയാവോ), ഡോ. പോൾ മൈപ്പാൻ (ഖമ്മം), ഡോ. പീറ്റർ അബീർ അന്തോണിസാമി (സുൽത്താൻപേട്ട്), ഡോ. വിൻസന്റ് സാമുവൽ (നെയ്യാറ്റിൻകര), ഡോ. റാഫി മഞ്ഞളി (അലഹാബാദ്), ഡോ. ജോസഫ് കരിയിൽ (കൊച്ചി), ഡോ. സൈമണ്‍ കൈപ്പുറം (ബാലസോർ), ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (ആലപ്പുഴ), ഡോ. കുര്യൻ വലിയകണ്ടത്തിൽ (ഭഗൽപൂർ), ഡോ. സെബാസ്റ്റ്യൻ കല്ലുപുര (ബക്സർ), ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ (വിജയപുരം), ഡോ. സ്റ്റാൻലി റോമൻ(കൊല്ലം), ഡോ.ആർ. ക്രിസ്തുദാസ് (തിരുവനന്തപുരം), ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ(പുനലൂർ) എന്നിവരാണു ദിവ്യബലി അർപ്പിച്ചത്. പ്രതിനിധികളെ ആഘോഷമായാണ് ഓരോ സെന്ററുകളിലും സ്വീകരിച്ചത്. പ്രതിനിധികളുടെ സാന്നിധ്യത്തിൽ കുടുംബയൂണിറ്റുകൾ ചേർന്ന് പ്രേഷിതാനുഭവങ്ങൾ പങ്കുവച്ചു.
വിവിധ പഠനങ്ങൾ എല്ലാ കേന്ദ്രങ്ങളിലും അവതരിപ്പിച്ചു ചർച്ച ചെയ്തു. കുടുംബയൂണിറ്റുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രായോഗികപാഠങ്ങൾ മനസിലാക്കാനും സംഗമങ്ങൾ കൊണ്ടു സാധിച്ചതായി സമുദായവക്താവ് ഷാജി ജോർജ് വ്യക്തമാക്കി. മിഷൻ കോണ്‍ഗ്രസിന്റെ സമാപനദിനമായ ഇന്നു രാവിലെ ഒന്പതിനു ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷ. തുടർന്നു ദശവത്സരപദ്ധതികളുടെ പ്രകാശനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് നിർവഹിക്കും. കെആർഎൽസിബിസി ശുശ്രൂഷാ സമിതികളുടെ കോ -ഓർഡിനേറ്റർ ഫാ. തോമസ് തറയിൽ പദ്ധതികൾ അവതരിപ്പിക്കും.
സിസിബിഐ ബിസിസി ചെയർമാൻ ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്കരിനാസ് അധ്യക്ഷനാകും. ഫാ. വിജയ് തോമസ്, ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവർ പ്രസംഗിക്കും. വിവിധ സെഷനുകളിൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ് മാർ റാഫേൽ തട്ടിൽ, ബിഷപ് ഡോ. വിൻസന്റ് സാമുവൽ, കെ. ബി സൈമണ്‍, ഡോ. എഡ്വേർഡ് എടേഴത്ത്, ജോയ് ഗോതുരുത്ത്, മോണ്‍. ജെയിംസ് കുലാസ്, ഫാ. പോൾ സണ്ണി, ഇമ്മാനുവൽ മൈക്കിൾ എന്നിവർ പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ റവ. ഡോ. ഗ്രിഗറി ആർബി മിഷൻ കോണ്‍ഗ്രസ് പദ്ധതികൾ വിശദീകരിക്കും.
2.30ന് വത്തിക്കാനിൽ നിന്നുള്ള ഇവാഞ്ചലൈസേഷൻ സെക്രട്ടറി ആർച്ച്ബിഷപ് ഡോ.പ്രൊട്ടാസെ റിഗുംബോയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.
തുടർന്ന് ഹാർട് ടു ഹാർട് മിഷൻ ലിങ്കേജ് പ്രോഗ്രാമിന്റെ ഉദ്ഘാടനം, കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പണം, മിഷൻ ക്രോസ് കൈമാറ്റം എന്നിവ നടക്കും. മിഷൻ കോണ്‍ഗ്രസ്-ബിസിസി കണ്‍വൻഷന്റെ തുടർപദ്ധതി ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിക്കും.
കണ്വൻഷൻ ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ സമാപന ചടങ്ങിൽ കൃതജ്ഞത പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.