നിക്ഷേപരംഗത്തു യുഎസ് സഹകരണം അനിവാര്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
നിക്ഷേപരംഗത്തു യുഎസ് സഹകരണം അനിവാര്യമെന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദി
Thursday, May 26, 2016 12:32 PM IST
ന്യൂഡൽഹി: അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കച്ചവട ബന്ധത്തിനപ്പുറം നിക്ഷേപ രംഗത്തും ഉത്പാദന രംഗത്തും പരസ്പര സഹകരണം വളർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു വോൾ സ്ട്രീറ്റ് ജേർണലിനനുവദിച്ച അഭിമുഖത്തിലാണു മോദി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.

ആഗോളതലത്തിൽ ഇരു രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധികൾ സമാനമാണ്. സൈബർ സുരക്ഷ, തീവ്രവാദം, ആഗോള താപനം തുടങ്ങി പ്രധാന പ്രശ്നങ്ങളിലെല്ലാം ഇന്ത്യയും അമേരിക്കയും സമാന തീരുമാനങ്ങളാണ് എടുക്കുന്നത്. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിയാണ്. റിപ്പബ്ലിക്കൻ ഭരണകൂടമായാലും ഡെമോക്രാറ്റിക് ഭരണകൂടമായാലും അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യക്കു മാറ്റമുണ്ടാവില്ലെന്നു മോദി വ്യക്‌തമാക്കി.


ചൈനയുമായും നല്ല ബന്ധമാണ് ഇന്ത്യക്കുള്ളതെന്നു പറഞ്ഞ മോദി അത് കൂടുതൽ ദൃഢമാക്കുമെന്നും കൂട്ടിച്ചേർത്തു. ചൈന അയൽരാജ്യമാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാൽ, അതൊരിക്കലും സംഘർഷത്തിൽ കലാശിക്കില്ല. കഴിഞ്ഞ 30 വർഷമായി ഒരു തരത്തിലുള്ള സംഘർഷവും ചൈനയുമായി ഉണ്ടായിട്ടില്ല. ഒരു വെടിയുണ്ട പോലും ഉതിർന്നിട്ടില്ല. അതുതന്നെ ചൈനയുമായുള്ള നല്ല ബന്ധത്തിന്റെ കരുത്ത് വ്യക്‌തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധവും ചൈനയുമായുള്ള ബന്ധവും വ്യത്യസ്തമാണ്. അത് താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. ഏഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യം. അത്തരത്തിലായിരിക്കും അയൽ രാജ്യങ്ങളുമായുള്ള ഇടപെടൽ. അത് അന്താരാഷ്ട്ര നടപടികൾക്കും നിയമങ്ങൾക്കും വിധേയമായിട്ടായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.