മോദി ചക്രവർത്തിയെപ്പോലെ: സോണിയ ഗാന്ധി
മോദി ചക്രവർത്തിയെപ്പോലെ: സോണിയ ഗാന്ധി
Tuesday, May 31, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരേ രൂക്ഷവിമർശനങ്ങളുന്നയിച്ചു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചക്രവർത്തിയെപ്പോലെ പെരുമാറരുതെന്നും സോണിയ. രാജ്യത്തു ദാരിദ്ര്യം വർധിക്കുകയും വരൾച്ചയിൽ കർഷകർ പൊറുതിമുട്ടുകയും ചെയ്യുമ്പോൾ ബിജെപി സർക്കാർ രണ്ടാം വാർഷികാഘോഷങ്ങളുടെ തിരക്കിലാണ്. ഇതുപോലൊരു ആഘോഷത്തിന്റെ യാതൊരു സാഹചര്യവും രാജ്യത്തു നിലനിൽക്കുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

ഇവിടെയൊരു പ്രധാനമന്ത്രിയുണ്ട്. അദ്ദേഹം ഷഹൻഷയല്ല, പ്രധാനമന്ത്രിയാണ്. ചുറ്റുമുള്ള മന്ത്രിമാർ ചക്രവർത്തിയുടെ പരിവേഷമാണ് മോദിക്കു നൽകിയിരിക്കുന്നതെന്നും സോണിയ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തന്റെ പാർലമെന്റ് മണ്ഡലമായ റായ്ബറേലിയിലെത്തിയ സോണിയ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ആയുധ വ്യാപാരിയുമായി ബന്ധമുണ്ടെന്നാരോപി ച്ചു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരക്കെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനെതിരേയും സോണിയ വിമർശനമു ന്നയിച്ചു. ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരി ലണ്ടനിൽ 19 കോടി രൂപ വിലമതിക്കുന്ന വീട് റോബർട്ട് വധേരയ്ക്കായി വാങ്ങിയെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ് കേന്ദ്ര ധനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ വധേരയുടെ അഭിഭാഷകൻ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.


കോൺഗ്രസ് മുക്‌ത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും പിന്നിലെന്നു സോണിയ ആരോപിച്ചു. അവർ എല്ലാ ദിവസവും ഇത്തരം തെറ്റായ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നു. സത്യം താനേ പുറത്തുവരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.