സൈനിക ആയുധശാല കത്തി 16 സൈനികർ മരിച്ചു
സൈനിക ആയുധശാല കത്തി 16 സൈനികർ മരിച്ചു
Tuesday, May 31, 2016 12:04 PM IST
മുംബൈ/തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പുൽഗാവിൽ കരസേനയുടെ ആയുധസംഭരണ കേന്ദ്രത്തിൽ (സിഎഡി) ഇന്നലെ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ മലയാളി മേജറും മറ്റൊരു സൈനിക ഓഫീസറും 14 സൈനികരും വെന്തുമരിച്ചു. 19 പേർക്ക് പൊള്ളലുൾപ്പെടെ പരുക്കുകളുണ്ട്.അഗ്നിബാധയെത്തുടർന്ന് സമീപത്തെ ഗ്രാമത്തിൽനിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. മരിച്ച മേജർ മനോജ് തിരുവനന്തപുരം തിരുമലവേട്ടമുക്ക് എൻ. കൃഷ്ണന്റെയും ഭാരതിയുടെയും മകനാണ്. ഭാര്യ: ബീന. മകൻ: വേദാന്ത്

.തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ലെഫ്. കേണൽ ആർ.എസ്. പവാറും മേജർ മനോജും ഉൾപ്പെടെയുള്ള സൈനികർ കൊല്ലപ്പെട്ടത്. 14 പേർ പ്രതിരോധ സുരക്ഷാ സേന (ഡിഫൻസ് സെക്യുരിറ്റി കോർ–ഡിഎസ്സി) അംഗങ്ങളാണ്.

7000ഏക്കർ ഭൂമിയിലുള്ള ആയുധശാലയിലെ തീ നിയന്ത്രണവിധേയമായി. രാത്രി ഒരുമണിയോടെയാണു തീപിടിത്തമുണ്ടായതെന്നു ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്. ജനറൽ രൺബീർ സിംഗ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. രാസവസ്തുക്കൾ പൊട്ടിത്തെറിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. രാജ്യത്തെ ഏറ്റവുംവലിയ സൈനിക ആയുധസംഭരണശാലയാണിത്. കരസേനയുടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള മുഴുവൻ ആയുധങ്ങളും ഇവിടെയാണ് സംഭരിച്ചിരിക്കുന്നത്.


ബ്രഹ്മോസ് മിസൈൽ മുതൽ എകെ–47 തോക്ക് വരെ ഇതിൽ ഉൾപ്പെടുന്നു. സേനയ്ക്കുള്ള തോക്കുകളും വെടിയുണ്ടകളും കുഴിബോംബുകളും നിർമിക്കുന്ന കേന്ദ്രംകൂടിയാണിത്. മറ്റു സൈനിക ആയുധനിർമാണശാലകളിൽ നിർമിക്കുന്ന പടക്കോപ്പുകളും ഇവിടെയെത്തിച്ചശേഷമാണു സൈനികകേന്ദ്രങ്ങളിലേക്കു മാറ്റുന്നത്.

രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തി.

പ്രതിരോധമന്ത്രി മനോഹർ പരീക്കർ സംഭവസ്‌ഥലത്ത് എത്തി. കരസേനാ തലവൻ ജനറൽ ദൽബീർ സിംഗ് സുഹാഗും സ്‌ഥലത്തെ ത്തി .തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നും യഥാർഥകാരണം അന്വേഷണത്തിനു ശേഷമേ വ്യക്‌തമാകൂവെന്നും പരീക്കർ അറിയിച്ചു. അന്വേഷണത്തിനു കരസേന പ്രത്യേകസംഘത്തെ നിയോഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.