സ്വയം വിലയിരുത്തൽ റിപ്പോർട്ട് നൽകാൻ കേന്ദ്രമന്ത്രിമാർക്കു നിർദേശം
സ്വയം വിലയിരുത്തൽ റിപ്പോർട്ട് നൽകാൻ കേന്ദ്രമന്ത്രിമാർക്കു നിർദേശം
Thursday, June 23, 2016 12:59 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന അഭ്യൂഹം ശക്‌തമായിരിക്കേ സ്വയം വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രമന്ത്രിമാർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. സർക്കാരിന്റെ രണ്ടാമത്തെ പൊതു ബജറ്റിനുശേഷം നടത്തിയ തങ്ങളുടെ പ്രകടനങ്ങളും പദ്ധതി നിർവഹണങ്ങളും മന്ത്രിമാർ സ്വയം വിലയിരുത്തി ജൂൺ 30നകം റിപ്പോർട്ട് നൽകണം. ഇതു പരിഗണിച്ചാവും മികച്ച മന്ത്രിമാരെ കണ്ടെത്തുന്നതും ശരാശരി പ്രവർത്തനം പോലുമില്ലാത്തവരെ ഒഴിവാക്കുന്നതും എന്നു സർക്കാരിനോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതികൾ അതിവേഗത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ എന്നതിന്റെ വിലയിരുത്തലാവും ജൂൺ 30ലെ യോഗത്തിൽ നടക്കുക. ഇതിന്റെ അടിസ്‌ഥാനത്തിലാവും മികച്ച മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത്. കൂടാതെ, മൈഗവ് വെബ്സൈറ്റിലൂടെയുള്ള റാങ്കിംഗും ഇതിനായി ഉപയോഗിക്കുമെന്നും ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തുന്നു.


പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നാണു വിലയിരുത്തൽ. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്‌ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചു പണി നടത്താനാണു മോദിയുടെയും അമിത് ഷായുടെയും നീക്കം. അടുത്ത വർഷമാണ് ഈ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുക. കേന്ദ്രമന്ത്രിമാർ അടക്കമുള്ളവരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി നിയോഗിച്ചിട്ടുണ്ടെങ്കിലും പൂർണ ചുമതലയിലുള്ള നേതാക്കളുടെ പ്രവർത്തനം പാർട്ടി– മന്ത്രിസഭ പുനഃസംഘടനയ്ക്കു ശേഷമേനടക്കുകയുള്ളൂ. കൂടാതെ, ഈ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കുന്നതിനും നരേന്ദ്ര മോദി ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.