സുധീരനെ മാറ്റാൻ നീക്കം
സുധീരനെ മാറ്റാൻ നീക്കം
Thursday, June 23, 2016 1:09 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാകക്ഷി നേതൃമാറ്റത്തിനു പിന്നാലെ കെപിസിസി അധ്യക്ഷ പദവിയിലും മാറ്റത്തിന് ആലോചന. മുതിർന്ന നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം സംസ്‌ഥാന കോൺഗ്രസിലെ 50 നേതാക്കളുമായി അടുത്ത മാസം എഐസിസി നടത്തുന്ന കൂടിയാലോചനയ്ക്കുശേഷമാകും മാറ്റം.

ചർച്ചയിൽ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെതിരായ പൊതുവികാരം അറിയിക്കാനാണ് എംപിമാർ അടക്കമുള്ള എ,ഐ നേതാക്കൾ ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടി നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെയും രാഹുൽഗാന്ധിയെയും സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനോടുള്ള എതിർപ്പ് അറിയിച്ചിരുന്നു. സോണിയ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, മുകുൾ വാസ്നിക് എന്നിവരുമായി കെ.വി. തോമസ് ഇന്നലെ നടത്തിയ ചർച്ചയിലും സുധീരന്റെ കാര്യം ചർച്ചയായതായാണു സൂചന.

കെപിസിസിയിലെ സമഗ്ര അഴിച്ചുപണിയുടെ ഭാഗമായിട്ടാണു പുതിയ പ്രസിഡന്റിനെ നിർദേശിക്കുക. സുധീരനെ മാറ്റുന്നതു തെറ്റായ സന്ദേശം നൽകാതെ നോക്കാനായി അദ്ദേഹത്തെ എഐസിസി ജനറൽ സെക്രട്ടറിയായി ഡൽഹിയിലേക്കു മാറ്റുന്ന കാര്യവും ഹൈക്കമാൻഡ് പരിഗണിക്കും. കെപിസിസി പ്രസിഡന്റാകാൻ ഏറ്റവും യോഗ്യനും പൊതുസമ്മതനും ഉമ്മൻ ചാണ്ടി ആണെന്നു ഹൈക്കമാൻഡിനും സംസ്‌ഥാനത്തെ നേതാക്കൾക്കും ഏകാഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ അതിനു തയാറാകില്ലെന്നാണു കരുതുന്നത്.

എന്നാൽ, ഉമ്മൻചാണ്ടി നിർദേശിക്കുന്നയാൾക്കാകും ഹൈക്കമാൻഡ് വലിയ പരിഗണന നൽകുക. ഉമ്മൻ ചാണ്ടിയുടെ ഭരണത്തിൽ ഹൈക്കമാൻഡിന് മതിപ്പുണ്ട്. മുതിർന്ന നേതാവായ അദ്ദേഹത്തെ ഒഴിവാക്കി തത്കാലം സംസ്‌ഥാനത്തു കോൺഗ്രസിനു തിരിച്ചുവരവ് എളുപ്പമാകില്ലെന്നു സോണിയയ്ക്കും ആന്റണിക്കും അറിയാം.


നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷവും കെപിസിസി പ്രസിഡന്റായി വി.എം. സുധീരൻ തുടരുന്നതിനോട് എ, ഐ ഗ്രൂപ്പുകൾക്കു ശക്‌തമായ എതിർപ്പുണ്ട്.

നിരവധി സീറ്റുകളിലെ പരാജയത്തിനു സുധീരൻ ഉത്തരവാദിയാണെന്ന് ഈ വിഭാഗങ്ങളിലെ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. തോൽവിയിലേക്കു നയിച്ചവർ നേതൃസ്‌ഥാനത്തു തുടരുന്നതു ശരിയല്ലെന്ന കാരണം പറഞ്ഞാണു ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃസ്‌ഥാനവും യുഡിഎഫ് ചെയർമാൻ പദവിയും പോലും നിരസിച്ചത്.

എന്നാൽ, കെപിസിസി അധ്യക്ഷനാകട്ടെ രാജിസന്നദ്ധത പോലും പ്രഖ്യാപിച്ചില്ലെന്നു എ, ഐ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു. നിയമസഭാകക്ഷി നേതാവായി രമേശ് ചെന്നിത്തല തുടരുന്നതിനാൽ കെ. മുരളീധരൻ, വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കു സാധ്യതയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കെ. സുധാകരൻ, എം.എം. ഹസൻ, ബെന്നി ബഹനാൻ, എം.ഐ. ഷാനവാസ്, കെ.സി. ജോസഫ്, ടി.എൻ. പ്രതാപൻ തുടങ്ങിയവരെയാകും പകരം പരിഗണിക്കുക. ഇവരിൽ തന്നെ ചിലർക്കു പലകാരണങ്ങളാൽ പ്രയാസവുമാകും.

ഹൈക്കമാൻഡിനു വിശ്വാസവും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർക്കു സ്വീകാര്യതയുമുള്ള സംഘടനാ തലത്തിൽ മികവു തെളിയിച്ച ആളായിരിക്കും സുധീരന്റെ പിൻഗാമിയാകുക. ഇത്തരം പല ഘടകങ്ങൾ ചേരുമ്പോൾ കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, സുധാകരൻ, ബെന്നി ബഹനാൻ എന്നിവർക്കു മുൻഗണന കിട്ടിയേക്കും. ഉമ്മൻ ചാണ്ടി ആരെ നിർദേശിക്കുമെന്നതാകും പ്രധാനകാര്യം. ഉമ്മൻ ചാണ്ടി നിർദേശിക്കുന്നയാളെ ഇപ്പോഴത്തെ നിലയിൽ രമേശ് എതിർക്കാനിടയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.