മാതൃകാഷോപ്സ് ആക്ടിനോടു സമ്മിശ്ര പ്രതികരണം
Thursday, June 30, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും തൊഴിലവസരം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ മാതൃക ഷോപ്സ് ആക്ടിനോട് സമ്മിശ്ര പ്രതികരണം. സർക്കാരിന്റെ തൊഴിൽ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചു സംയുക്‌ത ട്രേഡ് യൂണിയനുകൾ സെപ്റ്റംബർ രണ്ടിനു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുമ്പോഴാണ് ഈ നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ, കേന്ദ്രം അംഗീകാരം നൽകിയതു മാതൃക നിയമത്തിനാണ്. ഇതു നടപ്പിൽ വരുത്തുന്ന കാര്യത്തിൽ തീരുമാനം സംസ്‌ഥാനങ്ങളുടെ അധികാരപരിധിക്കുള്ളിലാണ്. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ മാതൃകാ ബിൽ സംസ്‌ഥാനങ്ങൾക്ക് ഭേദഗതിയോടെയോ അതേപടിയോ സ്വീകരിക്കാം.

എന്നാൽ, ഹോട്ടലുകളും മാളുകളും തിയറ്ററുകളും സമയപരിധി നിശ്ചയിച്ച് അടച്ചിടുന്നത് കാലത്തിനു നിരക്കുന്നതല്ലെന്നും ഗ്ലോബൽ സിറ്റികൾക്ക് ഉറക്കമില്ലെന്നതുമാണ് പുതിയ നീക്കത്തോട് വ്യവസായ ലോകത്തിന്റെ പ്രതികരണം. വൈകിയ ഷിഫ്റ്റുകളിൽ സ്ത്രീകൾക്കു ജോലി ചെയ്യാനാകാത്തത് അവരുടെ സുരക്ഷയെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയേ ഉള്ളൂവെന്നും വിലയിരുത്തുന്നവരുണ്ട്. ദേശീയ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് റിയാസ് ആംലാനി ഇതിനെ വളരെ പുരോഗമനപരമായ ചുവടുവയ്പ് എന്നാണു വിശേഷിപ്പിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം ഉപഭോക്‌താക്കൾക്കു കൂടുതൽ സൗകര്യപ്രദമാകുമെന്നും ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. എ ദിദാർ സിംഗ് പറഞ്ഞു.

പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്‌ഥാപനങ്ങളിൽ കുറഞ്ഞ ജോലിസമയം ഒമ്പതു മണിക്കൂറാക്കാനും ഒരു വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കാനും ഉടമയ്ക്ക് അവകാശം നൽകുന്നതാണ് നിയമം. ഇതു തൊഴിൽ ദിനങ്ങൾ കൂട്ടുകയും തൊഴിലാളിയുടെ അവധി ദിവസങ്ങളിൽ കുറവുണ്ടാവുകയും ചെയ്യും. നിലവിൽ ഓരോ സംസ്‌ഥാനത്തിനും സ്വന്തം ഷോപ്സ് നിയമം ഉണ്ടെന്നിരിക്കെ കേന്ദ്രം അംഗീകാരം നൽകിയ ബില്ല് മാതൃകയാക്കി ഇതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും.


തൊഴിൽ നിയമ പരിഷ്കരണം സംബന്ധിച്ച് ബിഎംഎസ് അടക്കമുള്ള ട്രേഡ് യൂണിയനുകൾക്കു നേരത്തെ നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം കാബിനറ്റ് ബില്ലിന് അംഗീകാരം നൽകിയത്. തൊഴിലുടമയുടെ സൗകര്യാർഥം നിശ്ചയിക്കുന്ന ഷിഫ്റ്റിൽ ജോലി ചെയ്യണമെന്നു നിർദേശിക്കുന്ന നിയമത്തിൽ ഒന്നിൽകൂടുതൽ ഷിഫ്റ്റ് ആകാമെന്നും വ്യവസ്‌ഥയുണ്ട്.

ആഴ്ചയിൽ ഒരു അവധിയോ അതില്ലെങ്കിൽ രണ്ടു മാസത്തിനുള്ളിൽ തന്നെ പകരം അവധിയോ നൽകണം. ഒരു വർഷത്തിൽ എട്ടു കാഷ്വൽ ലീവുകളും ഉത്സവാവധികളായി എട്ടു ലീവും ഉണ്ട്. ദിവസം ഒമ്പതു മണിക്കൂറിലധികമോ ആഴ്ചയിൽ 48 മണിക്കൂറിലധികമോ ചെയ്യുന്ന ജോലിക്ക് ഓവർടൈം ലഭിക്കും. മൂന്നു മാസത്തിൽ ഒരു തൊഴിലാളിക്ക് പരമാവധി 125 മണിക്കൂർ അധികസമയം ജോലി ചെയ്യാം. സ്വകാര്യ ആശുപത്രികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ഐടി മേഖല, പണമിടപാട് സ്‌ഥാപനങ്ങൾ, സ്വകാര്യ ബാങ്കുകൾ എന്നിവയ്ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. കടകൾക്കു പുറമേ സിനിമാ തീയറ്ററുകൾ, മാളുകൾ തുടങ്ങിയവയ്ക്കും ഇനി 24 മണിക്കൂറും പ്രവർത്തിക്കാം.

വനിതകൾക്കു രാത്രിസമയങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഇവർക്കു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുള്ള സ്‌ഥാപനങ്ങളിൽ യാത്രാ സൗകര്യവും വിശ്രമമുറിയും ഒരുക്കണം.

സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തയാണ് വനിതകളുടെ തൊഴിലവസരം കുറയ്ക്കുന്നതെന്നാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത്. നിയമനത്തിലോ പരിശീലനത്തിലോ സ്ത്രീകളോടു വിവേചനം കാണിക്കരുതെന്നും നിയമത്തിൽ പറയുന്നു. വനിതകൾക്ക് അധിക ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്‌ഥാപനങ്ങളിൽ ശുദ്ധജല സംവിധാനം, കാന്റീൻ, പ്രഥമ ചികിത്സാ സൗകര്യം എന്നിവയ്ക്കു പുറമേ കുട്ടികൾക്കായുള്ള ക്രഷും വേണമെന്നും നിർദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.