അഭിഭാഷകർ മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവം: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഇടപെട്ടു
അഭിഭാഷകർ മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവം: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഇടപെട്ടു
Friday, July 22, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ


ന്യൂഡൽഹി: കേരളത്തിലെ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ ഇടപെട്ടു. അഭിഭാഷകരുടെ സമ്മർദത്തിൽ അടച്ചുപൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നുനൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കാമെന്നു ചീഫ് ജസ്റ്റീസ് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡൽഹി ഘടകം ഭാരവാഹികളെ അറിയിച്ചു.

പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനായി കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനോടു സംസാരിക്കാമെന്നും പ്രശ്നപരിഹാര നടപടികൾ ഏകോപിപ്പിക്കുന്നതിനായി സുപ്രീം കോടതിയിലെ ജസ്റ്റീസ് കുര്യൻ ജോസഫിനോടു അഭ്യർഥിക്കാമെന്നും ജസ്റ്റീസ് ഠാക്കുർ പറഞ്ഞു.

മാധ്യമപ്രവർത്തകരും അഭിഭാഷകരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവർ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുന്നത് ആശാവഹമല്ല. അക്രമം ദൗർഭാഗ്യകരമായിപ്പോയി. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും ജുഡീഷറിയുടെ ഭാഗത്ത് നിന്നുണ്ടാവും. വിഷയത്തിൽ കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായി സംസാരിക്കും. പ്രശ്നപരിഹാര നടപടികൾ ഏകോപിപ്പിക്കാൻ ജസ്റ്റീസ് കുര്യൻ ജോസഫിനോട് അഭ്യർഥിക്കും. ഇതിനു പുറമേ, അക്രമത്തെത്തുടർന്ന് അടച്ചുപൂട്ടിയ മീഡിയ റൂം അറ്റകുറ്റപ്പണി നടത്തി തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റീസ് വിശദമാക്കി.

മാധ്യമപ്രവർത്തകർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കും.സംഘർഷമൊഴിവാക്കി സംയമനത്തിന്റെ വഴി സ്വീകരിക്കണം. നീതിന്യായ സംവിധാനത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള സംസ്‌ഥാനമാണു കേരളം. വിദ്യാസമ്പന്നരായ അഭിഭാഷകരുടെ കാര്യത്തിലായാലും ശ്രദ്ധേയമായ വിധിപ്രസ്താവങ്ങളായാലും നീതിന്യായനിർവഹണത്തിലെ മികവാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ജസ്റ്റീസ് ഠാക്കുർ അഭിപ്രായപ്പെട്ടു.


കെയുഡബ്ല്യു ഡൽഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം, ജോയിന്റ് സെക്രട്ടറി സുരേഷ് ഇരുമ്പനം, ട്രഷറർ പി.കെ. മണികണ്ഠൻ, നിർവാഹകസമിതിയംഗങ്ങളായ ജോർജ് കള്ളിവയലിൽ, എം. ഉണ്ണികൃഷ്ണൻ, മാധ്യമപ്രവർത്തകൻ പി.ആർ. സുനിൽ എന്നിവരുൾപ്പെട്ട സംഘമാണ് ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയത്.

ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർ അക്രമിക്കപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരത്തേക്കും സംഘർഷം വ്യാപിച്ച പശ്ചാത്തലത്തിൽ പത്രപ്രവർത്തക യൂണിയൻ നേതാക്കൾ കഴിഞ്ഞ ദിവസം ജസ്റ്റീസ് കുര്യൻ ജോസഫിനെ കണ്ട് വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്, അഡ്വക്കറ്റ് ജനറൽ, അഭിഭാഷക അസോസിയേഷൻ നേതാക്കൾ തുടങ്ങിയവരുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിനു മുൻകൈയെടുത്തു. അക്രമത്തിൽ കോടതിതല ആഭ്യന്തര അന്വേഷണത്തിനും തീരുമാനമായി.

ഹൈക്കോടതിയിലെ സീനിയർ ജഡ്ജിമാരായ ജസ്റ്റീസ് പി.എൻ. രവീന്ദ്രനും ജസ്റ്റീസ് പി.ആർ. രാമചന്ദ്ര മേനോനും വെള്ളിയാഴ്ച തിരുവനന്തപുരം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തിയതും ജസ്റ്റീസ് കുര്യൻ ജോസഫിന്റെ ഇടപെടലിനെ തുടർന്നായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.