വ്യോമസേനാ വിമാനം: ഇഎൽടി പ്രവർത്തിക്കുന്നില്ല; ഒന്നും കണ്ടെത്താനായില്ല
വ്യോമസേനാ വിമാനം: ഇഎൽടി പ്രവർത്തിക്കുന്നില്ല; ഒന്നും കണ്ടെത്താനായില്ല
Monday, July 25, 2016 12:11 PM IST
ചെന്നൈ: ന്യൂഡൽഹി: പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനാ വിമാനം എഎൻ 32ന്റെ അവശിഷ്‌ടങ്ങളോ യാത്രികരുടെ ശരീരഭാഗങ്ങളോ ബംഗാൾ ഉൾക്കടലിലെ തെരച്ചിലിൽ കണ്ടെത്താനായില്ല. കാണാതായ വിമാനത്തിലെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി– വിമാനം അപകടത്തിൽ പെടുകയാണെങ്കിൽ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തേക്കുറിച്ച് സിഗ്നൽ നൽകുന്ന സംവിധാനം) പ്രവർത്തനരഹിതമാണ്. ഇതും തെരച്ചിൽ കൂടുതൽ സങ്കീർണമാക്കി.

വളരെ സങ്കടകരമായ അവസരമാണിതെന്നും എഎൻ 32 വിമാനത്തിലുള്ളവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും വ്യോമസേനാ മേധാവി അരൂപ് രാഹ ന്യൂഡൽഹിയിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ചെന്നൈ താംബരം എയർബേസിൽനിന്ന് പോർട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനാ പാസഞ്ചർ വിമാനം എഎൻ 32 പറന്നുയർന്ന് 16 മിനിറ്റിനുള്ളിലാണ് കാണാതായത്.

1984–91 കാലഘത്തിലാണ് എഎൻ 32 വിമാനങ്ങൾ വ്യോമസേനാ വ്യൂഹത്തിലെത്തിയത്. കഴിഞ്ഞവർഷം ഇവയുടെ നവീകരണം നടത്തിയിരുന്നു. വ്യോമസേനയിൽ നൂറോളം എഎൻ 32 വിമാനങ്ങളുണ്ട്. മികച്ചനിലയിലാണ് ഇവയുടെ പ്രവർത്തനം. ലോകത്തെ ഏറ്റവും ഉയരമുള്ള ലാൻഡിംഗ് ഗ്രൗണ്ടായ ലഡാക്കിലെ ദൗളത് ബെഗ് ഓൾഡിയിൽ എഎൻ 32 ആണ് ഇറങ്ങിയത്.


ജോലിസമയത്തു സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ഇത്തരം അപകടങ്ങൾ. വ്യോമസേനാംഗങ്ങൾക്കു പരിശീലനത്തിനും ജോലി ക്കും ഏറ്റവും മികച്ച ഉപകരണങ്ങ ൾ നൽകാൻ ബാധ്യസ്‌ഥമാണെന്നും എയർ ചീഫ് മാർഷൽ പറഞ്ഞു.

പതിമ്മൂന്നു നാവികസേനാ കപ്പലുകളും നാല് തീരസംരക്ഷണ സേനാ കപ്പലുകളും 18 വിമാനങ്ങളും ബംഗാൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. അവശിഷ്‌ടങ്ങളോ മൃതദേഹഭാഗങ്ങളോ ഇതുവരെ കടലിൽനിന്നു കണ്ടെത്തിയിട്ടില്ലെന്നു തീരസംരക്ഷണ സേനാ കമാൻഡർ (കിഴക്ക്) ഇൻസ്പെക്ടർ ജനറൽ രാജൻ ബർഗോത്ര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.