ആഖ്ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു
ആഖ്ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു
Friday, August 26, 2016 1:06 PM IST
അലഹാബാദ്: ഉത്തർപ്രദേശിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് ആഖ്ലാഖിന്റെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് അലാഹാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, ആഖ്ലാഖിന്റെ സഹോദരൻ ജാൻ മുഹമ്മദിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താമെന്നു ജസ്റ്റീസ് രമേശ് സിൻഹ, പ്രഭാത് ചന്ദ്ര ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

പശുവിനെകൊന്ന് ഇറച്ചിയാക്കിയതിന് ആഖ്ലാഖിന്റെ ബന്ധുക്കൾക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടത് ഗ്രേറ്റർ നോയിഡയിലെ സെഷൻസ് കോടതിയാണ്. ഇതിനെതിരേയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആഖ്ലാഖ് കഴിച്ചതു പശുവിറച്ചിതന്നെയെന്ന മഥുര ഫോറൻസിക് റിപ്പോർട്ടിൽ കോടതി സംശയം പ്രകടിപ്പിച്ചെന്ന് ആഖ്ലാഖിന്റെ അഭിഭാഷകൻ ഫർമാൻ അബ്ബാസ് നഖ്വി പറഞ്ഞു. സംഭവം നടന്ന് ഒൻപതു മാസവും 20 ദിവസവും കഴിഞ്ഞാണു പോലീസ് കേസെടുക്കുന്നത്.


രണ്ടു കിലോഗ്രാം ഇറച്ചിയാണ് ആഖ്ലാഖിന്റെ വീട്ടിൽനിന്നു പോലീസ് പിടിച്ചെടുത്തത്. മഥുര ഫോറൻസിക് ലാബിൽ പരിശോധിച്ചത് നാലുകിലോ ഇറച്ചിയും. പ്ലാസ്റ്റിക് ജാറിലാണ് ഇറച്ചി ലാബിലേക്ക് അയച്ചത്. പരിശോധിച്ചത് പോളിത്തീൻ ബാഗിലുള്ള ഇറച്ചിയായതെങ്ങനെയെന്നു കോടതി സംശയം പ്രകടിപ്പിച്ചെന്നും ആഖ്ലാഖിന്റെ അഭിഭാഷകൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.