ഉടക്കുമായി ബാലാവകാശ കമ്മീഷൻ; അനന്യയുടെ ഒൻപതാംക്ലാസ് പഠനം പ്രതിസന്ധിയിൽ
Tuesday, August 30, 2016 12:31 PM IST
ലക്നോ: നാലുവയസുകാരിയായ അനന്യയെ ബുദ്ധിമികവിന്റെ അടിസ്‌ഥാനത്തിൽ ഒൻപതാംക്ലാസിൽ ചേർക്കാൻ അനുമതി നൽകിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിയെ ചോദ്യംചെയ്ത് ഉത്തർപ്രദേശ് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ രംഗത്ത്. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉമേഷ് ത്രിപാഠിയോട് വിശദീകരണം തേടാനും കമ്മീഷൻ തീരുമാനിച്ചു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജുഹി സിംഗ്, ബാലാവകാശ കമ്മീഷൻ വിദഗ്ധസമിതിയംഗം പൂജ അശ്വതി എന്നിവർ ഇന്നലെ അനന്യയുടെ ലക്നോയിലെ വീട് സന്ദർശിച്ചശേഷമാണ് നിലപാട് അറിയിച്ചത്. തീർച്ചയായും അനന്യയുടേത് അസാമാന്യ ബുദ്ധിമികവ് തന്നെയാണെന്നും എന്നാൽ, ഒൻപതാംക്ലാസിലെ പഠനഭാരം താങ്ങാൻ അവൾക്കാകില്ലെന്നും ജുഹി സിംഗ് പറഞ്ഞു.

അനന്യയെ ചൈൽഡ് സൈക്കോളജിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിക്കാനും അവളെ ഐക്യു ടെസ്റ്റിന് വിധേയയാക്കുവാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബാലാവകാശ കമ്മീഷൻ നിർദേശിക്കുന്നതു പ്രകാരമായിരിക്കും അനന്യയുടെ തുടർപഠനമെന്ന് അവളുടെ പിതാവ് തേജ് ബഹാദുർ പറഞ്ഞു. അനന്യയുടെ ചേച്ചി സുഷമയും ചേട്ടൻ ശൈലേന്ദ്രയും ബുദ്ധിമികവിന്റെ കാര്യത്തിൽ രാജ്യത്തു ശ്രദ്ധേയരായവരാണ്. ഏഴാംവയസിൽ പത്താംക്ലാസ് പരീക്ഷ പാസായി 2013ൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ സുഷമ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സയൻസ് ബിരുദധാരിയും 2015ൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മൈക്രോബയോളജി ബിരുദാനന്തരബിരുദധാരിയുമായി ശ്രദ്ധേയയായി. ഇപ്പോൾ ലക്നോയിലെ അംബേദ്കർ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ് സുഷമ.


ശൈലേന്ദ്രയാകട്ടെ 2007ൽ 14ാം വയസിൽ കംപ്യൂട്ടർ സയൻസ് ബിരുദധാരിയായി റിക്കാർഡ് സൃഷ്‌ടിച്ചു. ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറാണിപ്പോൾ ശൈലേന്ദ്ര. നിരക്ഷരരായ മാതാപിതാക്കൾക്കു പിറന്ന അനന്യയുടെയും സഹോദരങ്ങളുടെയും ബുദ്ധിമികവിനെക്കുറിച്ച് ദീപിക കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.