പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ അടിച്ചുകൊന്നു
Tuesday, August 30, 2016 12:56 PM IST
കരൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽവച്ച് അതേ കോളജിൽ പഠിച്ചിരുന്നയാൾ അടിച്ചുകൊന്നു. തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥിനി കെ. സോനാലി(19) ആണ് സഹപാഠികളുടെ മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടത്.

കോളജിലെ മുൻ വിദ്യാർഥിയും അച്ചടക്കനടപടിയുടെ പേരിൽ ഏതാനും മാസംമുമ്പു സസ്പെൻഷനിലായ ആളുമായ പി. ഉദയകുമാറാണ് പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഇന്നലെ ക്ലാസ്മുറിയിൽ അതിക്രമിച്ചു കയറിയ ഉദയകുമാർ, തന്റെ പ്രണയാഭ്യർഥന സ്വീകരിക്കണമെന്നു സോനാലിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം സാധ്യമല്ലെന്നു സോനാലി അറിയിച്ചതോടെ ഉദയകുമാർ പട്ടികകൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.


ആക്രമണം തടയാൻ ശ്രമിച്ച സഹപാഠികളെ ആക്രമിച്ചശേഷം ഉദയകുമാർ രക്ഷപ്പെട്ടു. പിന്നീട് കരൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തന്റെ പ്രണയാഭ്യർഥന നിരവധി തവണ നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദേശ്യത്തോടെയാണ് ഉദയകുമാർ കോളജിലെത്തിയതെന്നു പോലീസ് പറഞ്ഞു.

സോനാലിയെ മധുര അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവഗംഗ ജില്ലയിലെ മാനാംദുരൈ സ്വദേശിനിയാണു സോനാലി. ഉദയകുമാർ രാമനാഥപുരം വെങ്ങാലൂർ സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.