ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: കാണാതായ ഫയലുകൾക്കുവേണ്ടി തെരച്ചിൽ തുടങ്ങി
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: കാണാതായ ഫയലുകൾക്കുവേണ്ടി തെരച്ചിൽ തുടങ്ങി
Sunday, September 25, 2016 12:29 PM IST
സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് സംബന്ധിച്ച ഫയലുകൾ കാണാതായതു സംബന്ധിച്ച പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജതിൻ നർവൽ പറഞ്ഞു. കേസിലെ രണ്ടു സത്യവാങ്മൂലങ്ങൾ ഉൾപ്പെടെ അഞ്ചു ഫയലുകളാണു നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നു കാണാതായത്. ഫയൽ കാണാതായതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായി പോലീസ് അന്വേഷണത്തിനു നിർദേശിക്കുകയായിരുന്നു.

ഫയൽ ആരെങ്കിലും മനപൂർവം എടുത്തുമാറ്റിയതാണോ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നും അന്വേഷണം തുടങ്ങിയിട്ടേയുള്ളുവെന്നും നർവൽ പറഞ്ഞു. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ 409–ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2009 സെപ്റ്റംബർ 18നും 23നും അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോർണി ജനറലിന് എഴുതിയ കത്തുകളുടെ ഓഫീസ് കോപ്പി, അറ്റോർണി ജനറലിന്റെ കരട് സത്യവാങ്മൂലം, ഇതിൽ അന്നത്തെ ആഭ്യന്തരമന്ത്രി സെപ്റ്റംബർ 24ന് വരുത്തിയ ഭേദഗതി, 29ന് ഗുജറാത്ത് ഹൈക്കോടതിയിൽ തുടർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് എന്നിവയാണു കാണാതായിരുന്നത്.


ഇസ്രത്ത് ജഹാൻ ലഷ്കർ പ്രവർത്തകയാണെന്നതിനു വ്യക്‌തമായ തെളിവില്ലെന്നു ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ രണ്ടാമത്തെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് രേഖകൾ കാണാതായത്.

ഇസ്രത്ത് ജഹാൻ അടക്കം നാലു പേരെ 2004 ജൂൺ 15ന് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയ സംഭവത്തിലെ ഏറ്റുമുട്ടൽ വ്യാജമായിരുന്നുവെന്ന് പിന്നീട് ജുഡീഷൽ അന്വേഷണത്തിലും സിബിഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇസ്രത്തും സംഘവും തീവ്രവാദികളാണെന്ന സത്യവാങ്മൂലം കേന്ദ്രസർക്കാർ തിരുത്തി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.