ശസ്ത്രക്രിയ പോലെ ഒരു കമാൻഡോ ഓപ്പറേഷൻ
ശസ്ത്രക്രിയ പോലെ ഒരു കമാൻഡോ ഓപ്പറേഷൻ
Thursday, September 29, 2016 2:38 PM IST
പാക് അധിനിവേശ കാഷ്മീരിലെ ഭീകരതാവളങ്ങളിൽ ഇന്നലെ പുലർച്ചെ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തെ സർജിക്കൽ ആക്രമണം എന്നാണു സൈന്യം വിശേഷിപ്പിച്ചത്. ഡോക്ടർമാരുടെ ശസ്ത്രക്രിയപോലെ സൈന്യം നടത്തുന്ന സൂക്ഷ്മ ആക്രമണത്തെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ഒരു ചെറിയ ലക്ഷ്യത്തിലേക്കു മാത്രമായി നടത്തുന്ന കമാൻഡോ ആക്രമണമാണിത്. ഇന്നലെ ഇന്ത്യാ പാക് അധിനിവേശ കാഷ്മീരിലേക്കു നടത്തിയത് ഇത്തരം ഏതാനും ആക്രമണങ്ങളാണ്. കരസേനയുടെ സ്പെഷൽ പാരാട്രൂപ്പ് ഫോഴ്സിൽനിന്നുള്ള 180–ഓളം കമാൻഡോകൾ ഇതിൽ പങ്കെടുത്തത്.

ഒരു സൈനികാക്രമണത്തിൽനിന്നു വ്യത്യസ്തമാണിത്. സൈനികാക്രമണം പ്രദേശങ്ങളും നഗരങ്ങളും കൈയടക്കിക്കൊണ്ടുള്ള മുന്നേറ്റമാണ്. സർജിക്കൽ ആക്രമണത്തിൽ അത്തരം നീക്കമില്ല. ഏതെങ്കിലും കെട്ടിടമോ താവളമോ ആയിരിക്കും ലക്ഷ്യം. അവ തകർക്കുകയോ അവിടെ ഉള്ളവരെ പിടികൂടുകയോ ആകും ഉദ്ദേശിക്കുന്നത്. സൈനികാക്രമണത്തിലേതു പോലെ സ്‌ഥലം പിടിക്കാനോ ആധിപത്യം ഉറപ്പിക്കാനോ ഇതിൽ ഉദ്ദേശിക്കുന്നില്ല.

ഇന്നലെ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണവും മ്യാൻമറിൽ കഴിഞ്ഞവർഷം നടത്തിയ സൈനിക നടപടിയും തമ്മിൽ വ്യത്യാസമുണ്ട്. മ്യാൻമറിൽ ചെയ്തതു പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഒരുതരം വേട്ടയാടൽ പോലെ. മണിപ്പൂരിൽവന്ന് ആക്രമിച്ചു കുറെ സൈനികരെ വധിച്ചിട്ടുപോയ നാഗാ കലാപകാരികളെ ആണ് അവിടെ തേടിച്ചെന്നത്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്–ഖാപ്ലാംഗ് വിഭാഗം (എൻഎസ്സിഎൻ–കെ) ഗറിലകളാണ് ഇന്ത്യയിൽ ആക്രമണം നടത്തിയത്. അവരുടെ താവളം കണ്ടെത്തിയ ശേഷം ഒരു രാത്രി അപ്രതീക്ഷിതമായി അവിടെ ആക്രമണം നടത്തുകയായിരുന്നു. മ്യാൻമറിലെ ദുർഗമമായ വനമേഖലയിലെ ഗറിലാ താവളത്തിലേക്കു ഹെലികോപ്റ്ററുകളിൽ ചെന്നു കലാപകാരികളെ കൊന്നൊടുക്കുകയായിരുന്നു.


വിദേശരാജ്യത്തു പോയി ഒളിവിൽ കഴിഞ്ഞു തക്കം നോക്കി വീണ്ടും ആക്രമിക്കുന്നവരെ നേരിടാൻ ലോകമെങ്ങും അംഗീകരിച്ചിട്ടുള്ളതാണ് ഇത്തരം ആക്രമണങ്ങൾ. 1976ൽ ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിൽ ബന്ധികളാക്കപ്പെട്ട തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ഇസ്രയേൽ നടത്തിയ കമാൻഡോ ഓപ്പറേഷൻ ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു.

2011 മേയ് ഒന്നിന് പാക്കിസ്‌ഥാനിലെ അബോത്താബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉസാമ ബിൻ ലാദനെ പിടികൂടി വധിക്കാൻ അമേരിക്ക നടത്തിയ കമാൻഡോ ഓപ്പറേഷനും ഈ ഗണത്തിൽപ്പെടും. ഇന്ത്യയുടെ ഇന്നലത്തെ ആക്രമണം യഥാർഥത്തിൽ തിരിച്ചടിയേക്കാൾ നമ്മുടെ അതിർത്തി കാക്കാനും നുഴഞ്ഞുകയറ്റം തടയാനുമുള്ള ഒരു മുൻകരുതൽ നടപടിയായാണു ഫലത്തിൽ കലാശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.