പാക്കിസ്‌ഥാനു മുന്നിൽ ഇനി വഴികൾ പരിമിതം
പാക്കിസ്‌ഥാനു മുന്നിൽ ഇനി വഴികൾ പരിമിതം
Thursday, September 29, 2016 2:38 PM IST
ഉറി, പത്താൻകോട് ആക്രമണങ്ങൾക്ക് ഇന്ത്യ കനത്ത തിരിച്ചടി നല്കി. ഇനി എന്താണു സംഭവിക്കുക എന്നതാണു ചിന്താവിഷയം.

പാക്കിസ്‌ഥാനു മുമ്പിലുള്ള സാധ്യതകൾ ഇങ്ങനെ:

1. പാക്കിസ്‌ഥാൻ പ്രതികരിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ ഇന്ത്യ ജേതാവാകും; പാക്കിസ്‌ഥാൻ തോറ്റ കക്ഷിയും. അതിനു പാക്കിസ്‌ഥാൻ തയാറാകുന്നതിനു സാധ്യത കുറവ്.

2. പാക്കിസ്‌ഥാൻ ഒളി ആക്രമണം വർധിപ്പിക്കുക. നുഴഞ്ഞുകയറ്റം നടത്തിച്ചും ഭീകരർക്കു സഹായം നല്കിയും ഇതുവരെ ചെയ്തതു പോലെ ഇന്ത്യയെ വിഷമിപ്പിക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉറി മാതൃകയിൽ ഒരു ആക്രമണം നടത്തുക.

ഒരു സമ്പൂർണ യുദ്ധത്തിനു പകരം ഇങ്ങനെയൊരു വഴി പാക്കിസ്‌ഥാൻ തെരഞ്ഞെടുക്കാൻ സാധ്യത ഏറെയാണ്. തങ്ങൾ സമാധാന കാംക്ഷികളാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കാൻ ഈ തന്ത്രം സഹായിക്കുമെന്നു പാക് നേതൃത്വം കരുതിയേക്കാം.

3. യുദ്ധം. ഇതിനു തക്ക സൈനികമോ സാമ്പത്തികമോ ആയ ശേഷി ഇന്നു പാക്കിസ്‌ഥാനില്ല. ഇന്നലെ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യിൽനിന്നു 10.8 കോടി ഡോളറിന്റെ അടിയന്തര ധനസഹായം സ്വീകരിച്ച രാജ്യമാണു പാക്കിസ്‌ഥാൻ. യുദ്ധമുണ്ടായാൽ അമേരിക്കൻ നിർമിത യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും സ്പെയർ പാർട്സ് പോലും ലഭിച്ചെന്നുവരില്ല. ചൈനയാണ് ഉറപ്പുള്ള ഏക സഹായി.


4. നയതന്ത്ര മാർഗം. തങ്ങൾ അകാരണമായി ആക്രമിക്കപ്പെട്ടു എന്നു വാദിച്ചു ലോക സമൂഹത്തെ സമീപിക്കുക. പക്ഷേ, പാക്കിസ്‌ഥാനെ വിശ്വസിക്കാൻ ചൈനയും ചില ഇസ്ലാമിക രാജ്യങ്ങളും മാത്രമേ ഉണ്ടാകൂ. താലിബാനെ വളർത്തിയ, ഉസാമ ബിൻ ലാദനെ സംരക്ഷിച്ച, നിരവധി ആഗോള ഭീകരർക്കു താവളമൊരുക്കിയ പാക്കിസ്‌ഥാന്റെ അപേക്ഷ സ്വീകരിക്കാൻ അധികം രാജ്യങ്ങളെ കിട്ടില്ല.

5. സൈന്യത്തിന്റെ സാഹസം. നവംബർ 29നു പാക് കരസേനാ മേധാവി ജനറൽ റഹീൽ ഷരീഫ് വിരമിക്കും. അതിനു മുമ്പുതന്നെ ഇന്ത്യക്കു തിരിച്ചടി നല്കണമെന്ന് അദ്ദേഹത്തിനു മോഹം തോന്നിക്കൂടായ്കയില്ല. സിവിലിയൻ നേതാക്കളെ അറിയിക്കാതെ കാർഗിലിൽ നുഴഞ്ഞുകയറ്റം നടത്തിയ പാരമ്പര്യം പാക്കിസ്‌ഥാൻ സൈന്യത്തിനുണ്ട് എന്നതു മറക്കാനാവില്ല.

ഇന്നു പാക്കിസ്‌ഥാന്റെ ഫെഡറൽ മന്ത്രിസഭയും ബുധനാഴ്ച പാർലമെന്റും ചേരുന്നുണ്ട്. ഇന്ത്യക്കെതിരായ തന്ത്രങ്ങൾ അപ്പോഴേക്കും രൂപപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.