തുറന്ന കത്തിലൂടെ ആരോപണം നിഷേധിച്ച് വരുൺ ഗാന്ധി
തുറന്ന കത്തിലൂടെ ആരോപണം നിഷേധിച്ച് വരുൺ ഗാന്ധി
Saturday, October 22, 2016 12:22 PM IST
ന്യൂഡൽഹി: നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി എംപി വരുൺഗാന്ധി ജനങ്ങൾക്കു തുറന്ന കത്തെഴുതി തന്റെ ഭാഗം വിശദീകരിച്ചു. വിവാദ ആയുധ ഇടപാടുകാരൻ അഭിഷേക് വർമയ്ക്കും ആയുധ മാഫിയയ്ക്കും വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം വരുൺ ഗാന്ധി നിഷേധിച്ചു. എന്നാൽ, ചാരവനിതകളെ ഉപയോഗിച്ചുള്ള കുടുക്കിൽ കുടുങ്ങിയെന്ന ആരോപണത്തെക്കുറിച്ച് കത്തിൽ വിശദീകരണങ്ങളൊന്നുമില്ല.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യങ്ങളൊന്നും തനിക്ക് അറിയുകപോലുമില്ലെന്നാണു വരുൺ ഗാന്ധി കത്തിൽ പറയുന്നത്. പ്രതിരോധ കാര്യങ്ങൾ സംബന്ധിച്ച പാർലമെന്റിന്റെ ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി, ഡിഫൻസ് കൺസൾട്ടീവ് കമ്മിറ്റികളിൽ അംഗമായിരുന്നു താനെന്നതു ശരിയാണെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ പോലും താൻ പങ്കെടുത്തിട്ടില്ലെന്നു രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നു വരുൺ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. ഡിഫൻസ് കൺസൽറ്റിംഗ് കമ്മിറ്റിയുടെ ചില യോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അന്വേഷിക്കുകയോ അത് ആർക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ല. ആരോപണങ്ങളിലുള്ളതു പോലെ എന്തെങ്കിലും ദുരുദ്ദേശ്യം തനിക്കുണ്ടായിരുന്നെങ്കിൽ പാർലമെന്ററി സമിതി യോഗങ്ങളിലുള്ള തന്റെ പങ്കാളിത്തത്തിൽതന്നെ വ്യക്‌തമാകുമായിരുന്നെന്നും വരുൺ ഗാന്ധി വിശദീകരിക്കുന്നു.


2006ൽ വിദേശ വനിതകൾക്കും ലൈംഗിക തൊഴിലാളികൾക്കും ഒപ്പം വരുണിന്റെ ചിത്രങ്ങളെടുത്തശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തി വരുൺ ഗാന്ധിയെ ആയുധമാഫിയ കുടുക്കിയെന്നായിരുന്നു ആരോപണം. യുഎസിൽ അഭിഭാഷകനായ സി. എഡ്മണ്ട്സ് അലൻ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്കു ഈ വിവരങ്ങൾ ഉൾപ്പെടുന്ന കത്ത് അയച്ചത്. സ്വരാജ് അഭിയാൻ നേതാക്കളായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരാണ് ഈ കത്ത് പുറത്തുവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.