പാക് ആക്രമണം ശക്‌തമായി: അതിർത്തിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
പാക് ആക്രമണം ശക്‌തമായി: അതിർത്തിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
Saturday, October 22, 2016 12:22 PM IST
ശ്രീനഗർ: പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന പശ്ചാത്തലത്തിൽ അതിർത്തികളിൽനിന്ന് ഇന്ത്യൻ സൈന്യം ആളുകളെ ഒഴിപ്പിച്ചു. രാജ്യാന്തര അതിർത്തിയിലുള്ള 400ലധികം ഗ്രാമവാസികളെയാണ് സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലായിരുന്നു ഇവരെ സുരക്ഷിത സ്‌ഥലങ്ങളിലെത്തിച്ചത്.

പാക് റേഞ്ചേഴ്സ് മോട്ടോർ ഷെല്ലിംഗും ശക്‌തമായ വെടിവയ്പും നടത്തുന്ന പശ്ചാത്തലത്തിലാണ് ആളുകളെ ഒഴിപ്പിച്ചത്. ബോബിയ, ഹിരാനഗർ മേഖലകളിൽനിന്നാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വെടിവയ്പും ഷെല്ലാക്രമണവും ശക്‌തമായ സാഹചര്യത്തിലാണു രാജ്യാന്തര അതിർത്തിയിലുള്ള നാനൂറോളം പേരെ മാറ്റിപ്പാർപ്പിച്ചതെന്നു പോലീസും ബിഎസ്എഫ് വൃത്തങ്ങളും അറിയിച്ചു.

ജമ്മു കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക് ആക്രമണം ശക്‌തമായതായി ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. ജമ്മു ജില്ലയിലെ ആർഎസ് പുരയിലെ രാജ്യാന്തര അതിർത്തിയിലാണ് പാക് സൈന്യം ശക്‌തമായ ഷെല്ലാക്രമണം ഇന്നലെ പുലർച്ചെ നടത്തിയത്. കഴിഞ്ഞ ദിവസം മാത്രം പാക് റേഞ്ചേഴ്സ് ആറു തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ ഡി.കെ. ഉപാധ്യായ പറഞ്ഞു. കഴിഞ്ഞ ദിവസം ശക്‌തമായി തിരിച്ചടിച്ച ഇന്ത്യ ഏഴ് പാക് റേഞ്ചേഴ്സിനെ വധിച്ചിരുന്നു.


ബിഡിപുരിലും പാക് സൈന്യം മോട്ടോർ ബോംബിംഗ് ഷെല്ലാക്രമണം നടത്തി. അതിർത്തികളിലുള്ള എൺപതോളം സ്കൂളുകൾ അടയ്ക്കാൻ നിർദേശം നല്കിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാസേനയുടെ നീക്കങ്ങൾ ചോർത്തിയ പാക് ചാരൻ അറസ്റ്റിൽ

ജമ്മു: സുരക്ഷാസേനയുടെ നീക്കങ്ങൾ പാക്കിസ്‌ഥാൻ പട്ടാളത്തിനു ചോർത്തിയ പാക്കിസ്‌ഥാൻ ചാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ജമ്മുകാഷ്മീരിലെ സാംബ ജില്ലയിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. രണ്ടു പാക്കിസ്‌ഥാൻ മൊബൈൽ സിം കാർഡുകളും സുരക്ഷാസേനയുടെ വിന്യാസം സംബന്ധിച്ച മാപ്പുകളും ഇയാളുടെ പക്കൽനിന്നു പോലീസ് കണ്ടെടുത്തു.

ജമ്മുവിലെ ചാംഗിയയിൽ ബോധ്രാജ് എന്നയാളിൽനിന്ന് പാക്കിസ്‌ഥാനിലേക്ക് ചാരപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു മിലിട്ടറി ഇന്റലിജൻസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. അന്വേഷണസംഘത്തിന്റെ നീക്കം മനസിലാക്കിയ ബോധ് രാജ് പാക്കിസ്‌ഥാനിലേക്കു രക്ഷപ്പെടാനുള്ള ശ്രമം നടത്തവേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.