പാക് വെടിവയ്പിൽ ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
Wednesday, October 26, 2016 12:23 PM IST
ജമ്മു/ ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് പാക്കിസ്‌ഥാൻ നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാനു പരിക്കേറ്റു. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ.കെ. ഉപാധ്യായയ്ക്കാണ് ആർഎസ്പുര സെക്ടറിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റത്. ഒരു സ്ത്രീ ഉൾപ്പെടെ പത്തു പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. ആർഎസ്പുര, അർനിയ സെക്ടറുകളിലാണു വെടിവയ്പുണ്ടായത്. ബിഎസ്എഫ് ജവാന്മാർ ശക്‌തമായ തിരിച്ചടി നല്കി. സായ്കലാൻ, ബുരേ ജാൽ, ട്രെവ, അർനിയ സെക്ടറുകളിലെ ജനവാസമേഖലകളിലും ഷെല്ലാക്രമണമുണ്ടായി. ആളപായമില്ല. ആർഎസ്പുരയിൽനിന്ന് നൂറുകണക്കിനാളുകളെ സുരക്ഷിതസ്‌ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. ഇന്നലെ രാത്രിയും ആർഎസ് പുര സെക്ടറിൽ പാക്കിസ്‌ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ വെടിവയ്പ് നടത്തി.


ഇതിനിടെ, ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിനെ ഇന്നലെ വീണ്ടും പാക്കിസ്‌ഥാൻ വിളിച്ചുവരുത്തി. ഇന്ത്യ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് സൗത്ത് ഏഷ്യ ആൻഡ് സാർക് ഡയറക്ടർ ജനറൽ ആരോപിച്ചു. ചപ്രാർ, ഹർപൽ എന്നിവിടങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ ഒന്നരവയസുള്ള കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടുവെന്നും ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണു വിളിച്ചുവരുത്തിയതെന്നും ഡെപ്യൂട്ടി ഹൈക്കമ്മീഷണറോടു പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.