ജയലളിതയുടെ മരണത്തിൽ പാർലമെന്റ് അനുശോചിച്ചു
ജയലളിതയുടെ മരണത്തിൽ പാർലമെന്റ് അനുശോചിച്ചു
Tuesday, December 6, 2016 3:10 PM IST
ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു പാർലമെൻറിന്റെ ഇരുസഭകളും പിരിഞ്ഞു. പ്രധാനപ്പെട്ട നേതാവിനെയും മികച്ച പാർലമെന്റേറിയനെയും ഭരണനിപുണയായ ഭരണാധികാരിയേയും രാജ്യത്തിന് നഷ്‌ടപ്പെട്ടുവെന്നു ഉപരാഷ്ര്‌ടപതി ഹമീദ് അൻസാരി പറഞ്ഞു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി അവർ ചെയ്ത പ്രവർത്തനങ്ങൾ വലുതാണ്. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ സിനിമ ലോകത്തിനും ജയലളിത മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്‌ടപ്പെട്ടതെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്വന്തം നേതാവിനെ അവർ അമ്മയെന്നാണ് സ്നേഹപൂർവം വിളിച്ചിരുന്നതെന്നും മഹാജൻ പറഞ്ഞു. മഹാരാഷ്ട്ര, ഒഡിഷ, എന്നിവിടങ്ങളിലെ നിയമസഭകളും ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നത്തേക്ക് പിരിഞ്ഞു.


ജയലളിതയോടുള്ള ആദരസൂചകമായിഎല്ലാ സംസ്‌ഥാനങ്ങളുടെയും ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളുടെയും തലസ്‌ഥാനങ്ങളിലും, തമിഴ്നാട്ടിലുടനീളവും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ കേന്ദ്ര സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. ചെന്നൈയിൽ നടന്ന ജയലളിതയുടെ സംസ്കാരത്തിന് സംസ്‌ഥാന ബഹുമതികൾ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.