ഡൊണാൾഡ് ട്രംപിനു തന്നെ നോമിനേഷൻ
ഡൊണാൾഡ് ട്രംപിനു തന്നെ നോമിനേഷൻ
Wednesday, May 4, 2016 11:39 AM IST
വാഷിംഗ്ടൺ: രാഷ്ട്രീയപരിചയമില്ലാത്ത കോടീശ്വരനായ ബിസിനസുകാരൻ ഡൊണാൾഡ് ട്രംപും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും തമ്മിലായിരിക്കും നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുകയെന്ന് ഉറപ്പായി.

ഇന്ത്യാനയിലെ റിപ്പബ്ളിക്കൻ പ്രൈമറിയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചതോടെയാണു ട്രംപിന്റെ പാത സുഗമമായത്.മറ്റൊരു സ്‌ഥാനാർഥി ജോൺ കാസിക്ക് തന്റെ പ്രചാരണം അവസാനിപ്പിക്കുന്നതായി പിന്നീട് പ്രഖ്യാപിച്ചു. ഇന്ത്യാനയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ബേണി സാൻഡേഴ്സിനോടു തോറ്റെങ്കിലും ഡെലിഗേറ്റുകളുടെ എണ്ണത്തിൽ ഹില്ലരി ഏറെ മുന്നിലാണ്.

ട്രംപായിരിക്കും സ്‌ഥാനാർഥിയാവുകയെന്ന് റിപ്പബ്ളിക്കൻ നാഷണൽ കമ്മിറ്റി മേധാവി റീൻസ് പ്രീബൂസ് പറഞ്ഞു. ജൂലൈയിൽ നടക്കുന്ന പാർട്ടി കൺവൻഷനിലാണ് സ്‌ഥാനാർഥിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കേണ്ടത്. വെ റും 171 ഡെലിഗേറ്റുകളുടെ പിന്തുണയുള്ള കാസിക്ക് പിന്മാറിയതോ ടെ ഇനിയുള്ള പ്രൈമറികളിൽ മത്സരമില്ലാത്ത നിലയായി.

ഇന്ത്യാനയിലെ 57 ഡെലിഗേറ്റുകളിൽ 51 പേരുടെ പിന്തുണ ട്രംപിനു കിട്ടി. ഇതോടെ ട്രംപിനെ പിന്തുണയ്ക്കുന്ന മൊത്തം ഡെലിഗേറ്റുകളുടെ എണ്ണം 1047 ആയി. റിപ്പബ്ളിക്കൻ പാർട്ടി ടിക്കറ്റ് കിട്ടാൻ 1237 പേരുടെ പിന്തുണ വേണം. വരുന്ന പ്രൈമറികളിൽ ഇത്രയും ഡെലിഗേറ്റുകളെ സംഘടിപ്പിക്കാൻ ട്രംപിനു ബുദ്ധിമുട്ടുണ്ടാവില്ല. മിക്കവാറും ജൂൺ ഏഴിലെ കാലിഫോർണിയ പ്രൈമറിയോടുകൂടി ട്രംപിന് ആവശ്യമുള്ളത്ര ഡെലിഗേറ്റുകളെ കിട്ടും. ഇന്ത്യാന വിജയത്തിനുശേഷം ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടത്തിയ പ്രസംഗ ത്തിൽ നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻവിജ യം നേടുമെന്നും അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റ് പാർട്ടി സ്‌ഥാനാർഥിയാവുമെന്നു കരുതുന്ന ഹില്ലരി ക്ലിന്റണ് നല്ല പ്രസിഡന്റാവാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.


റിപ്പബ്ളിക്കൻ പാർട്ടിയിൽ ഐ ക്യത്തിനു ആഹ്വാനം ചെയ്ത ട്രംപ് പാർട്ടിയിലെ ഭൂരിഭാഗത്തെയും കൂടെ നിർത്താനാവുമെന്നും അല്ലാത്തവർ പോകട്ടെയെന്നും പറഞ്ഞു.

ഇന്ത്യാനയിലെ ഡെമോക്രാറ്റ് പ്രൈമറിയിൽ ഹില്ലരിക്ലിന്റണെ ബേണി സാൻഡേഴ്സ് പരാജയപ്പെടുത്തി. എന്നാൽ മൊത്തം ഡെലിഗേറ്റുകളുടെ എണ്ണത്തിൽ ഏറെ മുന്നിലുള്ള ഹില്ലരിക്ക് ഈ പരാജയം വലിയ പ്രതിസന്ധിയുണ്ടാക്കില്ല.

നിലവിൽ ഹില്ലരിക്ക് 2202 പേരുടെയും സാൻഡേഴ്സിന് 1400 പേരുടെയും പിന്തുണയാണുള്ളത്. ഡെമോക്രാറ്റിക് പാർട്ടി നോമിനേഷൻ കിട്ടാൻ 2383 ഡെലിഗേറ്റുകളുടെ പിന്തുണ വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.