പിരിഞ്ഞുപോകാൻ കുറഞ്ഞതു രണ്ടുവർഷം
പിരിഞ്ഞുപോകാൻ  കുറഞ്ഞതു രണ്ടുവർഷം
Friday, June 24, 2016 12:37 PM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു പിരിഞ്ഞുപോകാൻ ബ്രിട്ടനു കുറഞ്ഞതു രണ്ടുവർഷം കാത്തിരിക്കണം. പിരിയാൻ തീരുമാനമായ നിലയ്ക്ക് ഇനി അതു കുറച്ചുവൈകിയാലും കുഴപ്പമില്ലെന്ന് ‘ബ്രെക്സിറ്റ്’ വാദത്തിന്റെ മുഖ്യവക്‌താവ് ബോറിസ് ജോൺസൺ ഇന്നലെ പറഞ്ഞു.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യത്തിനു പുറത്തുപോകണമെങ്കിൽ 2009–ലെ ലിസ്ബൺ ഉടമ്പടിയിലെ 50–ാം വകുപ്പ് പ്രകാരമുള്ള നടപടികൾ എടുക്കണം. ഇതുവരെ ഈ വകുപ്പ് ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഈ ഉടമ്പടിക്കു മുമ്പ് 1982ൽ ഇയുവിന്റെ മുൻഗാമിയായ ഇഇസിയിൽനിന്നു ഗ്രീൻലാൻഡ് പിൻവാങ്ങിയതാണു സമാനമായ ഏക സാഹചര്യം.

50–ാം വകുപ്പ് രണ്ടുവർഷപരിധിയാണു പുറത്തുപോകാനായി വച്ചിരിക്കുന്നത്. അംഗരാജ്യങ്ങളുമായി ചുങ്കം, വീസ ചട്ടങ്ങൾ, പൊതുനിയമങ്ങൾ തുടങ്ങിയവ സംബന്ധിച്ചു ചർച്ചചെയ്തു ധാരണയിലെത്താനാണ് ഈ കാലാവധി. എല്ലാവരും സമ്മതിച്ചാൽ കാലാവധി നീട്ടാം. ബ്രിട്ടനിൽ മിക്കവരും കണക്കാക്കുന്നത് 2020–ഓടെ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്താകും എന്നാണ്.


<ആ>ജീവിത രീതി മാറണം

ലണ്ടൻ: യൂണിയനിൽനിന്നു ബ്രിട്ടൻ മാറുമ്പോൾ ജനങ്ങളുടെ ജീവിത രീതി മാറേണ്ടിവരും. ഒരൊറ്റ വീസയിൽ യൂറോപ്യൻ യൂണിയൻ മുഴുവൻ സഞ്ചരിക്കാവുന്ന നില മാറും.

ബ്രിട്ടീഷുകാർക്കു യൂണിയനിലെ ഏതു രാജ്യത്തും യൂണിയനിലെ മറ്റു രാജ്യങ്ങളിലുള്ളവർക്കു ബ്രിട്ടനിലും വന്നു താമസിക്കാനും ജോലി ചെയ്യാനും ആരുടെയും അനുവാദം വേണ്ടാതിരുന്ന കാലം മാറും.യൂറോപ്യൻ യൂണിയനിലേക്കും തിരിച്ചും ചുങ്കമില്ലാതെ കയറ്റിറക്കുമതി നടത്തിപ്പോന്നതും നിൽക്കും. ബ്രിട്ടന്റെ കയറ്റുമതിയിൽ 44 ശതമാനം യൂണിയനിലെ മറ്റു രാജ്യങ്ങളിലേക്കാണ്. ഇറക്കുമതിയിൽ 53 ശതമാനം യൂണിയനിലെ മറ്റു രാജ്യങ്ങളിൽനിന്നും. അതു മാറും. ഇനി ചുങ്കം നൽകേണ്ടിവരും. ബ്രിട്ടീഷുകാർ ഉപയോഗിക്കുന്ന ഭൂരിപക്ഷം സാധനങ്ങൾക്കും ചുങ്കം നൽകേണ്ടിവരുമ്പോൾ അവയ്ക്കു വില കൂടും. കയറ്റുമതിക്കു ചുങ്കം നൽകിയാൽ വില കൂടുന്നതുകൊണ്ടു ചിലപ്പോൾ യൂണിയനിലുള്ള രാജ്യങ്ങൾ മറ്റിടങ്ങളിൽനിന്നു വാങ്ങിയെന്നുംവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.