ബോറീസ് ജോൺസൺ പിന്മാറി; മത്സരരംഗത്ത് അഞ്ചു പേർ
ബോറീസ് ജോൺസൺ പിന്മാറി; മത്സരരംഗത്ത് അഞ്ചു പേർ
Thursday, June 30, 2016 12:02 PM IST
ലണ്ടൻ: ബ്രെക്സിറ്റ് ഷോക്ക് വീണ്ടും. ബ്രെക്സിറ്റിനു വേണ്ടി പ്രചാരണം നടത്തിയ മുൻ ലണ്ടൻ മേയർ ബോറീസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിനുള്ള മത്സരത്തിൽ നിന്നു പിന്മാറി. ആഭ്യന്തരമന്ത്രി തെരേസാ മേ, മൈക്കൽ ഗോവ്, സ്റ്റീഫൻ ക്രാബ്, ലിയാം ഫോക്സ്, ആന്ദ്രേ ലീഡ്സ് എന്നിവരാണ് പ്രധാനമന്ത്രിപദത്തിൽ നോട്ടമിട്ടിട്ടുള്ള മറ്റുള്ളവർ. സെപ്റ്റംബർ ഒമ്പതിനകം പുതിയ നേതാവിനെ തെരഞ്ഞെടുക്കും.

യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോകാൻ(ബ്രെക്സിറ്റ്) ബ്രിട്ടീഷ് ജനത വിധിയെഴുതിയതിനെത്തുടർന്ന് ബ്രെക്സിറ്റ് വിരോധിയായ ഡേവിഡ് കാമറോൺ ഒക്ടോബറിൽ പ്രധാനമന്ത്രിപദം ഒഴിയുമെന്നു പ്രഖ്യാപിച്ചിരുന്നു. ജോൺസണായിരിക്കും കാമറോണിന്റെ പിൻഗാമിയാവുകയെന്നാണു പൊതുവേ കരുതപ്പെട്ടിരുന്നത്.

എന്നാൽ ഇന്നലെ നടത്തിയ പ്രസംഗത്തിൽ ടോറി പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് താൻ രംഗം വിടുകയാണെന്നു ജോൺസൺ പ്രഖ്യാപിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുകയും സഹപ്രവർത്തകരുമായി ചർച്ച നടത്തുകയും ചെയ്തതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പറ്റിയ ആൾ താനല്ലെന്നു മനസിലായെന്നു ജോൺസൺ പറഞ്ഞു. അടുത്ത നേതാവിന് എല്ലാ പിന്തുണയും നൽകുകയും ജനവിധി നടപ്പാക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുകയുമാണു തന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. ജോൺസൺ നേതൃപദവി വഹിക്കാൻ കൊള്ളാവുന്നയാളല്ലെന്നു ഗോവ് പറഞ്ഞതാണ് വീണ്ടുവിചാരത്തിനു ജോൺസണെ പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു. സീസറെ പിന്നിൽനിന്നു കുത്തിയ ബ്രൂട്ടസിനെപ്പോലെയാണു ഗോവ് പെരുമാറിയതെന്നു ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൻ കുറ്റപ്പെടുത്തി.


ബ്രെക്സിറ്റ് നടപ്പാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി പദത്തിലേക്കു മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി തെരേസാ മേ പറഞ്ഞു.

ഞാൻ തെരേസാ മേ. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ ഏറ്റവും യോജിച്ച വ്യക്‌തി ഞാനാണെന്നു കരുതുന്നു– അവർ പറഞ്ഞു. ഇയുവിൽ നിന്നുള്ള വിടുതൽ ചർച്ചകൾക്കു നേതൃത്വം നൽകേണ്ട ബാധ്യത പുതിയ പ്രധാനമന്ത്രിക്കായിരിക്കുമെന്നു നേരത്തെ കാമറോൺ വ്യക്‌തമാക്കിയിരുന്നു. 2010ലാണ് കാമറോൺ മന്ത്രിസഭയിൽ തെരേസാ ആഭ്യന്തരമന്ത്രിയാവുന്നത്. ഈ വർഷാവസാനത്തോടെ മാത്രമേ വിടുതൽ നടപടികൾക്കു തുടക്കം കുറിക്കുകയുള്ളുവെന്നും മേ പറഞ്ഞു.

നേതൃമത്സരത്തിൽ വിജയിച്ചാൽ മാർഗരറ്റ് താച്ചർക്കുശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് വനിതാ പ്രധാനമന്ത്രിയായിരിക്കും തെരേസാ മേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.