തുർക്കി സൈന്യം സിറിയയിൽ കടന്നു
തുർക്കി സൈന്യം സിറിയയിൽ കടന്നു
Wednesday, August 24, 2016 11:44 AM IST
ഇസ്താംബൂൾ: സിറിയൻ നഗരമായ ജരാബലസ് ഐഎസിൽനിന്നു മോചിപ്പിക്കുന്നതിനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായി തുർക്കി സൈന്യം ഇന്നലെ അതിർത്തി കടന്ന് സിറിയയിൽ പ്രവേശിച്ചു. തുർക്കിയിലെ കരക്കാമിസ് പട്ടണത്തിനു നേരേ എതിർവശത്തുള്ള ജരാബലസ് കൈയടക്കാൻ സിറിയയിലെ കുർദിഷ് സൈനികർ നടത്തുന്ന നീക്കം തടയുക എന്ന ലക്ഷ്യവും തുർക്കിക്കുണ്ട്. തുർക്കിയുടെ ടാങ്കുകളും കവചിത വാഹനങ്ങളും ഇന്നലെ പുലർച്ചെ അതിർത്തി കടന്നു സിറിയയിൽ എത്തി.

തുർക്കി സൈന്യത്തിനു പിൻബലമേകി അമേരിക്കൻ യുദ്ധവിമാനങ്ങൾ ജരാബലസിൽ ബോംബിംഗ് ആരംഭിച്ചു. തുർക്കിയുടെ യുദ്ധവിമാനങ്ങളും ബോംബാക്രമണം നടത്തുന്നുണ്ട്. തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതസേന ജരാബലസ് കൈയടക്കിക്കഴിഞ്ഞതായി അനഡോലു വാർത്താ ഏജൻസി അറിയിച്ചു. 500കിലോമീറ്റർ ദൈർഘ്യമുള്ള തുർക്കി–സിറിയ അതിർത്തിയിൽ ഐഎസിന്റെ പ്രധാന താവളമായിരുന്നു ജരാബലസ്.


തുർക്കിയുടെ നടപടി സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു സിറിയൻ ഭരണകൂടം പറഞ്ഞു. ഭീകരതയ്ക്ക് എതിരേയുള്ള ഏതു പോരാട്ടവും സിറിയൻസൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും സഹകരണത്തോടെ വേണം നടത്താനെന്നു സനാ വാർത്താ ഏജൻസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അസാദ് സർക്കാർ പറഞ്ഞു.

നേരത്തെ സിറിയയിലെ ഐഎസിന്റെ പ്രവർത്തനങ്ങളെ തുർക്കി പ്രോത്സാഹിപ്പിച്ചിരുന്നു. ഐഎസ് പോരാളികൾക്കും ആയുധനീക്കത്തിനും തുർക്കി വാതിൽ തുറന്നുകൊടുത്തിരുന്നുവെന്നും എതിരാളികൾ ആരോപിച്ചിരുന്നു. എന്നാൽ, തുർക്കി അതെല്ലാം നിഷേധിക്കുകയാണു ചെയ്തത്. സിറിയൻ സൈന്യത്തെ തുരത്തി ഹസാക്ക നഗരത്തിന്റെ നിയന്ത്രണം കുർദുകൾ പിടിച്ചതാണ് തുർക്കിയെ പെട്ടെന്നു പ്രകോപിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.