ആലപ്പോയിൽ റഷ്യൻ വ്യോമാക്രമണം; നിരവധി മരണം
ആലപ്പോയിൽ റഷ്യൻ വ്യോമാക്രമണം; നിരവധി മരണം
Monday, September 26, 2016 11:00 AM IST
ബെയ്റൂട്ട്: ആലപ്പോയിലെ വിമതകേന്ദ്രങ്ങളിൽ റഷ്യയും സിറിയൻ പട്ടാളവും നടത്തിയ ആക്രമണത്തിൽ നിരവധിപേർ മരിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. രാത്രിയിൽ വിമതകേന്ദ്രങ്ങളിൽ നിരവധി തവണ വ്യോമാക്രമണമുണ്ടായതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിനു ശേഷമാണ് ആക്രമണം വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. വിമതർക്കെതിരേയുള്ള പോരാട്ടം കൂടുതൽ ശക്‌തമായി ആരംഭിക്കുമെന്ന് വ്യാഴാഴ്ച സിറിയൻ ആർമി അറിയിച്ചിരുന്നു. ഞായറാഴ്ചത്തെ വ്യോമാക്രമണം തിങ്കാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു. 38 കുട്ടികൾ ഉൾപ്പെടെ 237 സാധാരണക്കാർ തിങ്കളാഴ്ച വരെ ആലപ്പോയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഒബ്സർവേറ്ററി കണക്കുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ ആലപ്പോയിൽ സഖ്യസേനയുടെ ആക്രമണത്തിൽ 162 വിമതപോരാളികളും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.


ഇതിനിടെ, സിറിയയിലെ വ്യാപാരനഗരമായ ആലപ്പോയിൽ വ്യോമാക്രമണം നടത്താൻ സിറിയൻ സൈന്യത്തെ സഹായിച്ച റഷ്യയെ അമേരിക്കയും ബ്രിട്ടണും യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വിമർശിച്ചു. യുഎൻ സെക്യൂരിറ്റി കൗൺസിൽ ചർച്ചയ്ക്കിടെയാണ് റഷ്യയുടെ നടപടിയെ കാടത്തം എന്നു പറഞ്ഞ് ഇരു രാജ്യങ്ങളും വിമർശിച്ചത്. എന്നാൽ, സ്വീകാര്യമല്ലാത്ത രീതിയിൽ അമേരിക്കൻ, ബ്രിട്ടൻ പ്രതിനിധികൾ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരം പരാമർശങ്ങൾ ബന്ധം വഷളാക്കുമെന്നും റഷ്യ വ്യക്‌തമാക്കി. റഷ്യയും സിറിയയും തമ്മിലുള്ള ബന്ധത്തെ ഞായറാഴ്ച ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അടിയന്തരസമ്മേളനം മോശമായി പരാമർശിച്ചെന്ന് സിറിയൻ പ്രസിഡന്റ് ബാഷൽ അൽ അസാദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.