പുരാതന സ്മാരകങ്ങൾ നശിപ്പിച്ച ഇസ്ലാമിസ്റ്റ് റിബലിനു തടവുശിക്ഷ
Tuesday, September 27, 2016 12:18 PM IST
ഹേഗ്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ പുരാതന കബറിടങ്ങൾ നശിപ്പിച്ച ഇസ്ലാമിസ്റ്റ് വിമതൻ അഹമ്മദ് അൽ ഫാകി അൽ മഹ്ദിക്ക് ഹേഗിലെ രാജ്യാന്തര ക്രിമിനൽ കോടതി ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു.

മാലിയുടെ തലസ്‌ഥാനമായ ടിംബുക്ടുവിൽ പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച കബറിടങ്ങളും സ്മാരകങ്ങളും തീർഥകേന്ദ്രങ്ങളുമാണ് 2012ലെ കലാപവേളയിൽ നശിപ്പിക്കപ്പെട്ടത്. ഇതിൽ ഒമ്പതെണ്ണം യുഎൻ പൈതൃകപ്പട്ടികയിലുള്ളതാണ്. പുരാതനസ്മാരകങ്ങൾ നശിപ്പിച്ചതിൽ മഹ്ദി ഖേദം പ്രകടിപ്പിച്ചു. അൽക്വയ്ദയും അൻസാർ ദിൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രദേശങ്ങൾ കൈയടക്കിയപ്പോൾ താനും അവരുടെകൂടെച്ചേർന്ന് അതിക്രമം പ്രവർത്തിച്ചുപോയെന്ന് മഹ്ദി സമ്മതിച്ചു.


മഹ്ദിയുടെ കുറ്റസമ്മതവും ഖേദവും കണക്കിലെടുത്തശേഷമാണു കുറഞ്ഞശിക്ഷ നൽകുന്നതെന്നു ജഡ്ജിമാർ പറഞ്ഞു. മറ്റുള്ളവർക്ക് ഇത് പാഠമാകണമെന്നും ജഡ്ജിമാരുടെ പാനൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.