മലേഷ്യൻ വിമാനത്തെ വീഴ്ത്തിയതു റഷ്യൻ നിർമിത മിസൈൽ
മലേഷ്യൻ വിമാനത്തെ വീഴ്ത്തിയതു റഷ്യൻ നിർമിത മിസൈൽ
Wednesday, September 28, 2016 12:23 PM IST
ആംസ്റ്റർഡാം: യുക്രെയ്നിൽ തകർന്നു വീണ മലേഷ്യൻ യാത്രാവിമാനം എംഎച്ച്–17 വീഴ്ത്തിയത് റഷ്യൻ നിർമിത ബക്ക് മിസൈലാണെന്ന് അന്വേഷണസംഘം. യുക്രെയ്നിലെ വിമതരുടെ നിയന്ത്രണത്തിനുള്ള പ്രദേശത്തുനിന്നാണു മിസൈൽ വിക്ഷേപിച്ചത്. ഇതോടെ, യുക്രെയ്ൻ സൈന്യമാണു വിമാനം വീഴ്ത്തിയതെന്ന റഷ്യയുടെ വാദം പൊളിഞ്ഞു. 2014 ജൂലൈ 17നാണ് ആംസ്റ്റർഡാമിൽനിന്നു ക്വാലാലംപൂരിലേക്ക് പുറപ്പെട്ട യാത്രാവിമാനം യുക്രെയ്ന്റെ കിഴക്കൻ മേഖലയിൽ തകർന്നു വീണ് മുഴുവൻയാത്രികരും മരിച്ചത്. 298 യാത്രക്കാരിൽ ഭൂരിഭാഗം പേരും ഡച്ച് പൗരന്മാരായിരുന്നു.

പെർവൊമാസ്കിൽനിന്നു വിക്ഷേപിച്ച ബക്ക് മിസൈലാണു വിമാനം തകർത്തതെന്നു നെതർലാൻഡ്സ്, ഓസ്ട്രേലിയ, ബെൽജിയം, മലേഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്‌ഥരടങ്ങുന്ന അന്വേഷണസംഘം ന്യൂവെഞ്ചിനിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. വിമതപോരാളികൾ ഉന്നത നിർദേശമനുസരിച്ചോ, സ്വയമോ ആയിരിക്കാം മിസൈൽ പ്രയോഗിച്ചതെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. എന്നാൽ, ആർക്കെതിരേയും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മലേഷ്യൻ വിമാനം വീഴ്ത്തിയത് റഷ്യൻ അനുകൂലികളാണെന്ന കണ്ടെത്തൽ കിഴക്കുപടിഞ്ഞാറൻ മേഖലയിൽ പുതിയ സംഘർഷത്തിനു കാരണമായേക്കും.


എന്നാൽ, അന്വേണണസംഘത്തിന്റെ കണ്ടെത്തൽ റഷ്യ തള്ളി. തകർന്നു വീണ വിമാനം യുക്രെയ്നിലെ റഷ്യൻ അനുകൂല പ്രദേശത്തുകൂടി സഞ്ചരിച്ച സമയത്തു ഒരു റഡാറിലും മിസൈൽ പതിഞ്ഞിട്ടില്ലെന്നും വിമാനത്തിൽ പതിച്ചെന്നു പറയുന്ന മിസൈൽ മറ്റെവിടെനിന്നെങ്കിലും വന്നതാവാമെന്നും റഷ്യൻ വക്‌താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു.

റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിൽനിന്നു വിക്ഷേപിച്ച ബക്ക് മിസൈലാണു മലേഷ്യൻ വിമാനം വീഴ്ത്തിയതെന്ന് കഴിഞ്ഞവർഷം ഡച്ച് സേഫ്റ്റി ബോർഡ് അന്വേഷണശേഷം വ്യക്‌തമാക്കിയിരുന്നു.

അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനോടു വിമാനത്തിലെ യാത്രികരുടെ ബന്ധുക്കൾ വികാരനിർഭരമായി പ്രതികരിച്ചു. എന്തുകൊണ്ടാണു സംഭവം നടന്നതെന്നു തങ്ങൾക്കറിയേണ്ടെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബന്ധുക്കൾ ആംസ്റ്റർഡാമിൽ വാർത്ത ഏജൻസികളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.