ഹിറ്റ്ലറാകാൻ കൊതിച്ച് ഡുട്ടെർട്ടെ
ഹിറ്റ്ലറാകാൻ കൊതിച്ച്  ഡുട്ടെർട്ടെ
Friday, September 30, 2016 12:39 PM IST
മനില: മുൻ നാസി പടത്തലവൻ ഹിറ്റ്ലറെപ്പോലെയാവാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെർട്ടെയ്ക്കു മോഹം. ഹിറ്റ്ലർ 30ലക്ഷം യഹൂദരെ കൂട്ടക്കൊല ചെയ്തു. ഫിലിപ്പീൻസിൽ മയക്കുമരുന്നിന് അടിമയായവരും കള്ളക്കടത്തുകാരുമായി 30ലക്ഷം പേരുണ്ട്. ഇവരെയെല്ലാം കൊല്ലാൻ തനിക്കു സന്തോഷമേയുള്ളുവെന്നു ഡുട്ടെർട്ടെ പറഞ്ഞു.

ജന്മനാടായ ദവാവോസിറ്റിയിൽ നടത്തിയ പ്രസംഗത്തിലാണു ഡുട്ടെർട്ടെ സ്വയം ഹിറ്റ്ലറോട് ഉപമിച്ചത്. ദവാവോസിറ്റിയിൽ രണ്ടു ദശകം മേയറായിരുന്ന ഡുട്ടെർട്ടെ ഗുണ്ടാസംഘങ്ങളെ നിയോഗിച്ചു നിരവധി മയക്കുമരുന്നു കള്ളക്കടത്തുകാരെ വകവരുത്തിയിരുന്നു.

ജൂൺ30നു ഡുട്ടെർട്ടെ ഫിലിപ്പീൻസ് പ്രസിഡന്റായി ചുമതലയേറ്റശേഷം 3000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരുവിലെറിയുകയായിരുന്നു.


തന്നത്താൻ ഹിറ്റ്ലറോട് ഉപമിച്ച ഡുട്ടെർട്ടെയുടെ നടപടിയെ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡെപ്യൂട്ടി ഡയറക്ടർ ഫിൽ റോബർട്സൺ വിമർശിച്ചു.

നേരത്തെ പ്രസിഡന്റ് ഒബാമയെ അസഭ്യം പറഞ്ഞതിന് മാപ്പു ചോദിച്ചയാളാണു ഡുട്ടെർട്ടെ. മനുഷ്യാവകാശത്തിനു വില കല്പിക്കാത്ത ഡുട്ടെർട്ടെയുടെ നിലപാടിൽ പ്രതിഷേധിച്ച് ഫിലിപ്പീൻസിനുള്ള സാമ്പത്തിക സഹായം നിർത്തണമെന്ന് യുഎസ് സെനറ്റർ പാട്രിക് ലീഹി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഎസ്–ഫിലിപ്പീൻസ് സംയുക്‌ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്നായിരുന്നു ഡുട്ടെർ്ട്ടെയുടെ പ്രതികരണം.

മയക്കുമരുന്നുവേട്ടയിൽ ഫിലിപ്പീൻസുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു ചൈനീസ് വിദേശമന്ത്രാലയ വക്‌താവ് ഗെംഗ് ഷുവാൻഗ് ബെയ്ജിംഗിൽ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.