ട്രംപിന് ഇനി മറുപടിയില്ല: ഹില്ലരി
ട്രംപിന് ഇനി മറുപടിയില്ല: ഹില്ലരി
Sunday, October 23, 2016 11:35 AM IST
ക്ലീവ്ലൻഡ് : ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് ഇനി മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നു ഹില്ലരി ക്ലിന്റൺ. വോട്ടിംഗിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഹില്ലരി നല്ല ആത്മവിശ്വാസത്തിലാണ്. അഭിപ്രായ സർവേകളിലെല്ലാം ഹില്ലരി ഏറെ മുന്നിലാണ്.

ട്രംപുമായി നാലര മണിക്കൂറോളം സംവാദം നടത്തി. ഇനി അദ്ദേഹത്തിന്റെ പ്രസ്താവനകളോടു പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല. ട്രംപ് അദ്ദേഹത്തിനു തോന്നുന്ന തരത്തിൽ പ്രചാരണം നടത്തട്ടെ–പെൻസിൽവേനിയയിൽ പ്രചാരണത്തിനെത്തിയ ഡെമോക്രാറ്റ് സ്‌ഥാനാർഥി ഹില്ലരി റിപ്പോർട്ടർമാരോടു പറഞ്ഞു.

വോട്ടെടുപ്പു ഫലം അംഗീകരിക്കില്ലെന്ന റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപിന്റെ നിലപാട് സമ്മതിക്കാനാവില്ലെന്നു പിറ്റ്സ്ബർഗിലെ യോഗത്തിൽ ഹില്ലരി ചൂണ്ടിക്കാട്ടി.


ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും അറിയാം. സമാധാനപരമായ അധികാരകൈമാറ്റമാണ് ജനാധിപത്യത്തിന്റെ അടിസ്‌ഥാനങ്ങളിലൊന്ന്. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു വ്യക്‌തമാക്കാൻ വോട്ടർമാർ മുന്നോട്ടുവരണം.

ഏകാധിപത്യ പ്രവണതയുള്ള നേതാക്കളെ പ്രശംസിക്കുന്ന ട്രംപിനെതിരേ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി ടിം കെയിനും ആഞ്ഞടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.