ഇന്ത്യൻ പരുത്തിക്കു വിലക്കില്ലെന്നു പാക്കിസ്‌ഥാൻ
ഇന്ത്യൻ പരുത്തിക്കു വിലക്കില്ലെന്നു പാക്കിസ്‌ഥാൻ
Thursday, December 8, 2016 2:39 PM IST
കറാച്ചി: ഇന്ത്യയിൽനിന്നുള്ള പരുത്തിക്ക് പാക്കിസ്‌ഥാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിൽനിന്ന് കയറ്റി അയച്ച 33 ലക്ഷം ഡോളറിന്റെ പരുത്തി പാക്കിസ്‌ഥാൻ തിരിച്ചയച്ചിരുന്നു. ഇറക്കുമതിക്കാർ മതിയായ നിയമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ദേശീയ ഭക്ഷ്യസുരക്ഷാ, പ്ലാന്റ് പ്രൊട്ടക്ഷൻ വകുപ്പ് പരുത്തി തിരിച്ചയച്ചതെന്നാണു പാക്കിസ്‌ഥാൻ പറഞ്ഞത്. അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാക്കിസ്‌ഥാൻ നടപടിയെന്നാണു വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ യാതൊരു തരത്തിലുള്ള തീരുമാനവുമെടുത്തിട്ടില്ലെന്നും ഇന്ത്യയിൽനിന്നുള്ള പരുത്തിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും പാക് അധികൃതർ വ്യക്‌തമാക്കി.


ദേശീയ ഭക്ഷ്യസുരക്ഷാ, പ്ലാന്റ് പ്രൊട്ടക്ഷൻ വകുപ്പ് ഇന്ത്യയിൽനിന്നു പരുത്തി ഇറക്കുമതി ചെയ്യാൻ ടെക്സ്റ്റൈൽ വ്യാപാരികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ഇന്ത്യയിൽനിന്നുള്ള പരുത്തി തിരിച്ചയച്ചത് പാക് ടെക്സ്റ്റൈൽ വ്യവസായ മേഖലയിൽ വലിയ ചലനം സൃഷ്‌ടിച്ചിരുന്നു. കഴിഞ്ഞവർഷം 80 കോടി ഡോളറിന്റെ പരുത്തിയാണ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി വിലക്കിയാൽ പാക്കിസ്‌ഥാന്റെ ടെക്സ്റ്റൈൽ വ്യവസായം വലിയ പ്രതിസന്ധിയിലാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.