വി ഗാർഡ്: വിറ്റുവരവിൽ 15 ശതമാനം വർധന
വി ഗാർഡ്: വിറ്റുവരവിൽ 15 ശതമാനം വർധന
Tuesday, July 26, 2016 10:53 AM IST
കൊച്ചി: വി— ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദ ഫലം പ്രഖ്യാപിച്ചു. ആദ്യ പാദത്തിലെ അസൽ പ്രവർത്തന വരുമാനം 572.68 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിലെ വരുമാനത്തേക്കാൾ (499.28 കോടി രൂപ) 15 ശതമാനം വർധനയാണ് കൈവരിച്ചത്. നികുതിക്കു ശേഷമുള്ള ത്രൈമാസ ലാഭം 42.78 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പാദത്തിലേ (25.16 കോടി രൂപ)ക്കാൾ 70 ശതമാനം വർധന.

വിപണിയിലെ അനുകൂല സാഹചര്യം സ്റ്റെബിലൈസർ, പമ്പ്, ഫാൻ തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പന ഉയർത്തി. വിതരണശൃംഖല പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ ചെലവു ഗണ്യമായി കുറയാൻ വഴിയൊരുക്കി.


ആദ്യ പാദം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നെന്നു വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പത്രക്കുറിപ്പിൽ പറഞ്ഞു. അടുത്ത പാദത്തിൽ ഗ്യാസ് സ്റ്റൗവുകൾ വിപണിയിലെത്തിക്കും. കോയമ്പത്തൂരിലെ ചാവടിയിൽ പിവിസി കോംപൗണ്ടിംഗ് യൂണിറ്റിലെ ഉത്പാദനം ഓഗസ്റ്റ് അവസാനം ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.