കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം ഇന്ന്
Monday, September 26, 2016 11:05 AM IST
കൊച്ചി: കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടി(കെടിഎം)ന്റെ ഒൻപതാം പതിപ്പ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി എ.സി. മൊയ്തീൻ, മേയർ സൗമിനി ജെയിൻ, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമൻ ബില്ല, സംസ്‌ഥാന ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു, ഡയറക്ടർ യു.വി. ജോസ് തുടങ്ങിയവർ സംബന്ധിക്കും.

നാളെ മുതൽ 30 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക, സാഗര കൺവൻഷൻ സെന്ററുകളിലാണ് കെടിഎമ്മിന്റെ ഔദ്യോഗിക പരിപാടികൾ. 30ന് പൊതുജനങ്ങൾക്ക് ട്രാവൽ മാർട്ട് സന്ദർശിക്കാം. കെടിഎമ്മിന്റെ ഒമ്പതാം ലക്കമെന്ന നിലയിൽ ടൂറിസം കേന്ദ്രങ്ങളുടെ സുസ്‌ഥിര വികസനത്തിന് ഒമ്പതിന പരിപാടിയും ഒരുക്കിയിട്ടുണ്ട്. 57 വിദേശരാജ്യങ്ങൾ പങ്കെടുക്കും. ഇതിൽ പത്ത് രാജ്യങ്ങൾ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആൻഡ് സ്പൈസ് റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവൽ മാർട്ടിന്റെ പ്രമേയങ്ങൾ. ജപ്പാൻ, ചൈന, ചിലി, ഗ്രീസ്, ഇറാൻ, ദക്ഷിണകൊറിയ, സൗദി അറേബ്യ, മെക്സിക്കോ, ബോട്സ്വാന, ജോർജിയ എന്നീ രാജ്യങ്ങൾ ആദ്യമായാണ് കേരള ട്രാവൽ മാർട്ടിൽ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ 20 സംസ്‌ഥാനങ്ങളിൽനിന്നും പങ്കാളിത്ത മുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.