ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്നോളജി സോഫ്റ്റ്വേർ അല്ലാത്ത ബൗദ്ധിക സ്വത്തവകാശം സ്ഥിരമായി കൈമാറ്റം ചെയ്യുന്നതിനു 12 ശതമാനം ജിഎസ്ടി നല്കണം. സോഫ്റ്റ്വേറുമായി ബന്ധപ്പെട്ടതാണെങ്കിൽ 18 ശതമാനമാണു ജിഎസ്ടി.
ഗോഹട്ടിയിലെ ജിഎസ്ടി കൗൺസിൽ യോഗത്തിലുണ്ടായ തീരുമാനമാണിത്.
ഹോട്ടൽ ഭക്ഷണത്തിനുള്ള അഞ്ചു ശതമാനം നികുതി തന്നെയാണു ഹോട്ടലുകളിലോ റസ്റ്ററന്റുകളിലോ നിന്നുള്ള പാഴ്സലിനും നല്കേണ്ടത്.
ഹോട്ടലിലെ ഒരു മുറിക്കെങ്കിലും ദിവസ വാടക 7,500 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ ഹോട്ടലിലെ റസ്റ്ററന്റിൽ ഭക്ഷണത്തിനു 18 ശതമാനം ജിഎസ്ടി നല്കണം. ഔട്ട്ഡോർ കേറ്ററിംഗിനും 18 ശതമാനമാണു ജിഎസ്ടി.
പ്രോസസ് ചെയ്ത തേയില (ബ്ലാക്ക് ടീ, വൈറ്റ് ടീ തുടങ്ങിയവ) കാപ്പിക്കുരു, കാപ്പിപ്പൊടി, കുത്തിയതോ തോടു കളഞ്ഞതോ ആയ പയർവർഗങ്ങൾ, ശർക്കര, സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ, ഉണങ്ങിയ പഴങ്ങൾ, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ കാർഷികോത്പന്നങ്ങളുടെ നിർവചനത്തിൽ വരില്ല. അതിനാൽ അവയുടെ ലോഡിംഗ്, പായ്ക്കിംഗ്, വെയർഹൗസിംഗ് തുടങ്ങിയവയ്ക്കു ജിഎസ്ടിയിൽനിന്ന് ഒഴിവില്ലെന്നു കൗൺസിൽ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രീമിയം അടയ്ക്കുന്ന ഇൻഷ്വറൻസ് സ്കീമുകൾക്കു നല്കുന്ന സേവനങ്ങളും സംസ്ഥാന ഗവൺമെന്റ്, പോലീസ്, വിദ്യുച്ഛക്തി വകുപ്പു ജീവനക്കാർക്കും വിദ്യാർഥികൾക്കുമുള്ള ഗവൺമെന്റിന്റെ ഇൻഷ്വറൻസ് പദ്ധതികൾക്കു നല്കുന്ന സേവനങ്ങളും നികുതി വിമുക്തമാണെന്നു കൗൺസിൽ വ്യക്തമാക്കി.
ഇവ നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം നവംബർ 15നു പ്രാബല്യത്തിലാകുംവിധം പുറപ്പെടുവിക്കും.
ജിഎസ്ടി 28 ശതമാനത്തിൽനിന്നു 18 ശതമാനത്തിലേക്കു കുറച്ച ഇനങ്ങളിൽ ഇവയുംപെടുന്നു:
* വീട് വൈദ്യുതീകരണത്തിനു വേണ്ട സാമഗ്രികൾ, ബാത്ത് റൂം ഉത്പന്നങ്ങൾ, തറയിൽ ഉപയോഗിക്കുന്ന മാർബിൾ, ഗ്രാനൈറ്റ്, ഇവയുടെ ടൈലുകൾ, സിറാമിക് ടൈലുകൾ
* തെർമോ ഫ്ലാസ്ക്, ലൈറ്റർ, വാച്ചിന്റെ ഭാഗങ്ങൾ, സ്ട്രാപ്പ്, കേയ്സ്, ഗ്ലാസും ഗ്ലാസ് ഉത്പന്നങ്ങളും ഗ്ലാസ് പാത്രങ്ങളും
* ബുൾഡോസർ, റോഡ് റോളർ, ലോഡർ
* തയ്യൽ മെഷീന്റെ ഭാഗങ്ങൾ, റേഡിയോ-ടെലിവിഷൻ പ്രക്ഷേപണത്തിനുള്ള ഇലക്ട്രിക്കൽ സാമഗ്രികൾ, ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് കൺട്രോൾ ഉപകരണങ്ങൾ
* എക്സർസൈസ് ഉപകരണങ്ങളും യന്ത്രങ്ങളും, ഊഞ്ഞാൽ, ജയന്റ് വീൽ,
* കാർണിവൽ ഉപകരണങ്ങൾ, ജിംനാസ്റ്റിക് -അത്ലറ്റിക് ഉപകരണങ്ങൾ
* സംഗീതോപകരണങ്ങളും ഭാഗങ്ങളും
* കൃത്രിമ പൂക്കളും ഇലകളും പഴങ്ങളും
* സ്ഫോടകവസ്തുക്കൾ, വെടിക്കെട്ടു സാമഗ്രികൾ
* കൊക്കോ ബട്ടർ, ഫാറ്റ്, ഓയിൽ പൗഡർ
* കോഫി എസൻസ്, കോഫി കോൺസെൻട്രേറ്റ്, മറ്റിനം ഭക്ഷ്യപദാർഥങ്ങൾ, മാൾട്ട്, സ്റ്റാർച്ച്, എക്സ്ട്രാക്റ്റുകൾ
* ചോക്ലേറ്റ് ചേർന്ന വാഫിളും വാഫറും
* ചലച്ചിത്ര കാമറ, പ്രൊജക്റ്റർ, ഇമേജ് പ്രൊജക്റ്റർ
* ലബോറട്ടറി ഉത്പന്നങ്ങൾ, ശാസ്ത്രീയ ഉപകരണങ്ങൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.