മാഡ്രിഡ് മിലാനിലേക്ക്
മാഡ്രിഡ് മിലാനിലേക്ക്
Wednesday, May 4, 2016 11:58 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

മ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചെങ്കിലും, ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ഫൈനൽ കാണാതെ പുറത്തായി. എവേ ഗോൾ ആനുകൂല്യത്തിൽ മുന്നേറിയ അത്ലറ്റിക്കോ മൂന്നു വർഷത്തിനിടെ രണ്ടാം ഫൈനലിലേക്കാണ് ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്.

ബയേണിന്റെ സ്വന്തം തട്ടകമായ മ്യൂണിക്കിലെ അലിയൻസ് അരീനയിൽ അത്ലറ്റിക്കോയുമായി ഏറ്റുമുട്ടി വിജയിച്ചുവെങ്കിലും ഹൃദയം നുറുങ്ങിയാണ് ബയേൺ താരങ്ങൾ കളത്തിൽ നിന്നും പുറത്തുവന്നത്. എന്നാൽ ജയിച്ചതിന്റെ തോൽവിയിൽ ബയേൺ പരിശീലകൻ പെപ്പ് ഗാർഡിയോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്റെ ഫുട്ബോൾ ജീവിതം ഞാൻ ബയേണിനു നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കുട്ടികൾക്കാവാതെ പോയി.

ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനു തോറ്റതാണ് ബയേണിനു വിനയായത്. എവേ ഗോൾ ആനുകൂല്യത്തിനുള്ള സാധ്യത അവർക്ക് മാഡ്രിഡിലെ മത്സരത്തിൽ അടഞ്ഞു പോയിരുന്നു. ഹോം മത്സരത്തിൽ ജയം 2–1 ന്. എന്നാൽ മൊത്തം സ്കോർ 2–2. എവേ മത്സരത്തിൽ നേടിയ ഒരേയൊരു ഗോൾ അത്ലറ്റിക്കോയെ ഫൈനലിലെത്തിക്കുകയും ചെയ്തു. മത്സരത്തിൽ സൂപ്പർ താരം തോമസ് മ്യൂളർ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതും വിനയായി.

വാശിയേറിയ രണ്ടാം പാദ സെമിയിൽ സാബി അലോൺസോയുടെ ഡിഫ്ളക്റ്റഡ് ഫ്രീ കിക്കിലൂടെ ബയേൺ ലീഡ് നേടി. കളി തുടങ്ങി 31–ാം മിനിറ്റിൽ സാബി അലോൺസോയിലൂടെ ബയേൺ ആദ്യ പാദത്തിലെ കടം വീട്ടി കുതിപ്പ് ആരംഭിച്ചു. തുടർന്ന് തോമസ് മ്യുളർ എടുത്ത പെനാൽറ്റി കിക്ക് പാഴായതോടെ ബയേൺ ആരാധകർ തലയിൽ കൈവച്ചു. മ്യൂളറുടെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവാണ് ഇന്നലെ മ്യൂണിക്കിൽ വരുത്തിയത്. ഈസി മട്ടിൽ വലതുകാൽകൊണ്ടു തൊടുത്ത പന്ത് നേരെ ചെന്നെത്തിയത് ഗോളിയുടെ കൈക്കുമ്പിളിലേക്കായിരുന്നു.

പിന്നാലെ രണ്ടാംപകുതിയിലെ 54–ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാൻ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ച ഗോളും കണ്ടെത്തി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും ലഭിച്ച പന്തുമായി ബയേൺ പോരാളികളെ കബളിപ്പിച്ച് ഒറ്റയാനായി പെനാൽറ്റി ബോക്സിലെത്തിയ ഗ്രീസ്മാനെ തടുക്കാൻ ശ്രമിച്ച ബയേൺ ഗോളി നൊയറിനെ കാഴ്ചക്കാരനാക്കിയാണ് നിർണായകമായ ഗോൾ നേടിയത്. സീസണിൽ ഗ്രീസ്മന്റെ മുപ്പത്തൊന്നാം ഗോളായിരുന്നു ഇത്. അത്ലറ്റിക്കോയുടെ മുന്നേറ്റത്തിലെ പ്രധാനി.


ബയേൺ ആരാധകരെ വീണ്ടും പ്രതീക്ഷയിലേക്കുയർത്തിയ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളാണ് പിന്നെ കണ്ടത്. 74–ാം മിനിറ്റിലായിരുന്നു ഗോൾ. ഇടതുവിംഗിൽ നിന്നും ലഭിച്ച പന്ത് അർതുറോ വിദാൽ തലയിൽ സ്വീകരിച്ച് ബോക്സിനുള്ളില്ക്കേു ഉയർത്തി പായിച്ചു. തക്കം പാർത്തിരുന്ന ലെവൻഡോവ്സ്കി പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചു.

ഇതിനിടെ, അലിയൻസ് അരീനയിൽ നിറഞ്ഞു കവിഞ്ഞിരുന്ന കാണികൾക്ക് ആശ്വാസം പകർന്ന് അത്ലറ്റിക്കോയുടെ മുന്നേറ്റനിര താരം ഫെർണാണ്ടോ ടോറസും പെനാൽറ്റി നഷ്‌ടപ്പെടുത്തി. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ 11 മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ വല യിൽ കുടുങ്ങിയത് വെറും അഞ്ചു ഗോൾ മാത്രമാണ്.

സ്വന്തം തട്ടകവും നിറയെ ആരാധകരും പിന്തുണയുള്ളതിന്റെ ആശ്വാസത്തിൽ അരീനയിൽ തേരുതെളിച്ച ബയേൺ അൽപ്പംകൂടി ശ്രദ്ധിച്ചിരുങ്കെിൽ ഫൈനലിൽ എത്താമായിരുന്നു. എന്നാൽ, അത്ലറ്റിക്കോയുടെ പ്രതിരോധക്കോട്ടയെ അനുപമമെന്നേ വിശേഷിപ്പിക്കാനാവൂ.

ജർമനിയുടെ മണ്ണിൽ നടന്ന 16 കളിയിൽ എട്ടെണ്ണത്തിലും അത്ലറ്റിക്കോ മാഡ്രിഡ് തോറ്റിട്ടുണ്ടെന്ന ചരിത്രം ഇവിടെയും ആവർത്തിച്ചെങ്കിലും ഫൈനലിൽ എത്തിയത് ഗോൾ നിലയിലുള്ള വ്യത്യാസമാണ്. അത്ലറ്റിക്കോ പ്രതിരോധത്തിന്റെ വൻ മതിൽ ഏറ്റവും സൂക്ഷ്മമായി തീർത്തിരുന്നുവെങ്കിലും ഒരു നിമിഷത്തെ പിഴവ് വിള്ളലായി, ഗോളായി മാറി.

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ 11 മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ വലയിൽ കുടുങ്ങിയത് വെറും അഞ്ചു ഗോളാണ്.മൽസരത്തിൽ 72 ശതമാനത്തോളം ആധിപത്യം പുലർത്തിയിരുന്ന ബയേണിന് 33 അവസരങ്ങളാണ് ലഭിച്ചത്.

കളിയിൽ താരമായത് അത്ലറ്റിക്കോയുടെ ഗ്രീസ്മാൻ എന്ന മുൻ നിര പടയാളിയാണ്. മുമ്പ് അത്ലറ്റിക്കോ ഫൈനലിൽ രണ്ടുതവണയാണ് പരാജയം രുചിച്ചിട്ടുള്ളത്. 1974 ൽ ബയേണുമായും 2014 ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡുമായും.

മാഞ്ചസ്റ്റർ സിറ്റി –റയൽ മാഡ്രിഡ് രണ്ടാംപാദ സെമിയിലെ വിജയികൾ അത്ലറ്റിക്കോയുമായി ഫൈനലിൽ ഏറ്റുമുട്ടും. മെയ് 28നു മിലാനിലാണ് ഫൈനൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.