സൂര്യോദയമോ സിംഹഗർജനമോ?
സൂര്യോദയമോ സിംഹഗർജനമോ?
Thursday, May 26, 2016 12:17 PM IST
ന്യൂഡൽഹി: ഐപിഎൽ ഫൈനലിൽ ബാംഗ്ലൂരിന്റെ എതിരാളികളെ ഇന്നറിയാം.ഇന്ന് രാത്രി എട്ടിന് ഫിറോസ്ഷാ കോട്ലയിൽ സൺറൈസേഴ്സ് ഹൈദരാബാദും നവാഗതരായ ഗുജറാത്ത് ലയൺസും തങ്ങളുടെ ആദ്യ ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് കളിക്കാനിറങ്ങും. ഇരുടീമുകളും രണ്ടും കൽപ്പിച്ചു കളത്തിലിറങ്ങുമ്പോൾ മത്സരത്തിന് അക്ഷരാർഥത്തിൽ സെമിഫൈനലിന്റെ ചൂടും ചൂരും കൈവരുന്നു. ആദ്യ ക്വാളിഫയറിൽ കൈയെത്തും ദൂരത്തിരുന്ന കളി കൈവിട്ട ഗുജറാത്തിന് ഈ മത്സരം ജയിക്കേണ്ടത് അഭിമാനപ്രശ്നമാണ്.

ഈ സീസണിലെ കണക്കിലെ കളികളിൽ സൺറൈസേഴ്സിനാണ് മുൻതൂക്കം. ഗ്രൂപ്പുഘട്ടത്തിൽ ഗുജറാത്തിനെതിരായ രണ്ടു മത്സരങ്ങളും വിജയിച്ച അവർ എലിമിനേറ്റർ മത്സരത്തിൽ ശക്‌തരായ കോൽകൊത്തയെ തോൽപ്പിച്ചാണ് ക്വാളിഫയറിന് അർഹത നേടിയത്.ഫിറോസ്ഷാ കോട്ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത.

ഇരുടീമുകളും ബാറ്റിംഗ് പരിശീലനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ഓപ്പണർമാരായ ശിക്കാർ ധവാനും ഡേവിഡ് വാർണറും ഫോമിലാണെങ്കിലും മറ്റു ബാറ്റ്സ്മാർ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. യുവരാജ് സിംഗിന്റെ പ്രകടനമാണ് കഴിഞ്ഞകളിയിൽ സ്കോർ 162ൽ എത്തിച്ചത്.

ഓപ്പണർമാരല്ലാതെ ഒരു ബാറ്റ്സ്മാൻ മികച്ച സ്കോർ കണ്ടെത്തുന്നത് സീസണിൽ രണ്ടാം തവണ മാത്രമായിരുന്നു എന്നത് ടീമിന്റെ അവസ്‌ഥ വ്യക്‌തമാക്കുന്നു.

ആദ്യ ക്വാളിഫയറിൽ വിജയത്തിനരികിൽ നിന്നാണ്് 79 റൺസെടുത്ത ഡിവില്യേഴ്സിന്റെ കടന്നാക്രമണത്തിൽ ലയൺസ് മത്സരം ബാംഗ്ലൂരിന് അടിയറവയ്ക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ അതിവേഗ പിച്ചിൽ നിന്നും കോട്ലയിലെ വേഗത കുറഞ്ഞ പിച്ചിലേക്കു കളിമാറുന്നത് ലയൺസിന് തലവേദനയാകും. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും ശദാബ് ജകാതിയും ബാംഗ്ലൂരിനെതിരേ അത്ര ഫലം കണ്ടില്ല. എന്നാൽ, മികച്ചരീതിയിൽ പന്തെറിഞ്ഞ ധവാൽ കുൽക്കർണി ഉൾപ്പെടെയുള്ള പേസർമാർ അവസരത്തിനൊത്തുയരുന്നത് ക്യാപ്റ്റൻ റെയ്നയ്ക്ക് ആശ്വാസമാവും.

ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ആരോൺ ഫിഞ്ചിനെ ഓപ്പണർ സ്‌ഥാനത്ത് പ്രതിഷ്ഠിച്ചത് കഴിഞ്ഞ മത്സരത്തിൽ ഫലം കണ്ടില്ലെങ്കിലും വിനാശകരമായ ഈ സഖ്യം തന്നെയായിരിക്കും ഓപ്പണിംഗ് സ്‌ഥാനത്ത്. മധ്യനിരയിലേക്കിറങ്ങിയ ഡ്വയ്ൻ സ്മിത്ത് കഴിഞ്ഞ കളിയിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ക്യാപ്റ്റൻ സുരേഷ് റെയ്നയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ആദ്യ ക്വാളിഫയറിൽ മൂന്ന് ഓവറിൽ 45 റൺസ് വഴങ്ങിയ ശദാബ് ജകാതിയെ പുറത്തിരുത്തി പകരം വെറ്ററൻ സ്പിന്നർ പ്രവീൺ താംബെയോ ചൈനാമാൻ ബൗളർ ശിവിൽ കൗശിക്കിനെയോ കളിപ്പിച്ചേക്കും.


മറുവശത്ത് 15 കളികളിൽ നിന്ന് 686 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറിലാണ് സൺറൈസേഴ്സിന്റെ ബാറ്റിംഗ് പ്രതീക്ഷ. ശിക്കാർ ധവാനും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കുന്നുന്നുണ്ടെങ്കിലും മറ്റു ബാറ്റ്സ്മാന്മാർ പരാജയപ്പെടുന്നത് സൺറൈസേഴ്സിനെ അലോസരപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ കളിയിലെ യുവരാജ് സിംഗിന്റെ പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഓൾറൗണ്ടർ മോയിസസ് ഹെന്റ്രിക്കസും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ബൗളിംഗ് വിഭാഗത്തിൽ ആശങ്കകൾക്ക് വകയില്ല. എലിമിനേറ്റർ മത്സരത്തിൽ 162 റൺസ് പിന്തുടർന്ന കോൽകൊത്തയെ 22 റൺസകലെ വീഴ്ത്തിയത് ബൗളിംഗ് മികവിന് മകുടോദാഹരണമാണ്.

ടൂർണമെന്റിൽ ഇതുവരെ 21 വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ താരം ഭുവനേശ്വർ നയിക്കുന്ന ബൗളിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബംഗ്ലാദേശ് സെൻസേഷൻ മുസ്താഫിസുർ റഹ്മാനും യുവതാരം ബരീന്ദർ സ്രാനും ഭുവനേശ്വറിന് ഉറച്ച പിന്തുണ നൽകുന്നു. ദീപക് ഹൂഡയേയും ബെൻ കട്ടിംഗിനേയും പോലുള്ള വമ്പനടിക്കാർ ബാറ്റിംഗിന് മുതൽക്കൂട്ടാണ്. കരൺ ശർമയോ ബിപുൽ ശർമയോ ആയിരിക്കും സ്പിന്നറുടെ ചുമതല നിർവഹിക്കുക.

ആദ്യ ഫൈനൽ ലക്ഷ്യമിടുന്ന ഇരുടീമുകളുടേയും ലക്ഷ്യം കന്നിക്കിരീടമാണ്. ഫൈനലിൽ കാത്തിരിക്കുന്നതാവട്ടെ ആരും ഭയക്കുന്ന വിരാട് കോഹ്ലിയുടെ ബാംഗ്ലൂരും. കഴിഞ്ഞ കളിയിൽ നിശബ്ദമായ കോഹ്ലിയുടെ ബാറ്റ് ആർക്കെതിരെയാണ് അടുത്തതായി ശബ്ദിക്കുകയെന്ന് ഇന്നത്തെക്കളിയോടെയറിയാം.


രണ്ടാം ക്വാളിഫയർ; ഹൈദരാബാദ്– ഗുജറാത്ത് (രാത്രി എട്ടിന്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.