സിന്ധുവിന് ആന്ധ്രയുടെ സ്വീകരണം
സിന്ധുവിന് ആന്ധ്രയുടെ സ്വീകരണം
Tuesday, August 23, 2016 11:29 AM IST
വിജയവാഡ: റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ ജേതാവ് പി. വി. സിന്ധുവിന് ജന്മനാടിന്റെ ആദരം. ആന്ധ്രപ്രദേശ് സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായാണ് പി. വി. സിന്ധു വിജയവാഡയിലെത്തിയത്. സിന്ധുവിന്റെ ഒപ്പം പിതാവ് പി.വി. രമണ, മാതാവ് വിജയലക്ഷ്മി, പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവരും വിജയവാഡയിലെത്തി. നാട്ടുകാരും രാഷ്ട്രീയ നേതാക്കൻമാരും സാംസ്കാരിക പ്രവർത്തകരുമായ വൻജനാവലിയുടെ നേതൃത്വത്തിലാണ് സിന്ധുവിന് സ്വീകരണമൊരുക്കിയത്. നിരവധി പ്രമുഖ കായിക താരങ്ങളും വിദ്യാർഥികളും സിന്ധുവിന് ആദരമർപ്പിക്കാനായി എത്തിയിരുന്നു.

തുറന്ന രണ്ടു നില ബസിലെത്തിയ സിന്ധു റോഡിന്റെ ഇരുവശങ്ങളിലും തടിച്ചു കൂടിയവർക്കു നോരെ കൈവീശിയപ്പോൾ വലിയ ആരവത്തോടെയാണ് ജനങ്ങൾ മറുപടി നൽകിയത്. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപയും ഭാവി തലസ്‌ഥാനമായ അമരാവതിയിൽ സർക്കാർ ഭൂമിയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.


സിന്ധുവിനെ ആന്ധ്രയുടെ പുത്രിയെന്നാണ് ആന്ധ്രയിൽ നിന്നുള്ള രാഷ്ട്രീയക്കാർ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു നേരിട്ടെത്തിയാണ് സിന്ധുവിനെ സ്വീകരിച്ചത്. ആന്ധ്രയിൽ ഗ്രൂപ് വൺ ഓഫീസർ പദവിയും സിന്ധുവിന് വാഗ്ദാനമുണ്ട്. സിന്ധുവിനെ സ്വന്തമാക്കാൻ രണ്ടു സംസ്‌ഥാനങ്ങളും മത്സരിക്കുന്നതിനിടെ സിന്ധുവിന്റെ അച്ഛന്റെ പ്രതികരണം ശ്രദ്ധേയമായി. സിന്ധു ഇന്ത്യയുടെ പുത്രിയാണെന്നാണ് സിന്ധുവിന്റെ അച്ഛൻ വെങ്കട്ടരമണ പറഞ്ഞത്. തെലുങ്കാനയിൽ ജനിച്ച രമണ തമിഴ്നാടിനു വേണ്ടിയാണ് വോളിബോൾ കളിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.