രജതയോഗം
രജതയോഗം
Tuesday, August 30, 2016 11:10 AM IST
ന്യൂഡൽഹി: യോഗേശ്വർ ദത്തിന് റിയോയിൽ മെഡലൊന്നും ലഭിച്ചില്ലെങ്കിലും ലണ്ടൻ ഒളിമ്പിക്സിലെ പ്രകടനം സമ്മാനിച്ച വെങ്കലത്തിന് വെള്ളിയുടെ മോടി. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വർ ദത്ത് നേടിയ വെങ്കല മെഡൽ വെള്ളിയായി. പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ കുഡുഖോവിന്റെ വെങ്കല മെഡൽ തിരിച്ചെടുക്കാനും യോഗേശ്വറിനു വെള്ളി സമ്മാനിക്കാനും അന്താരാഷ്ട്ര ഒളിമ്പിക്് കമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഒളിമ്പിക്സ് കമ്മിറ്റിയുടെ അറിയിപ്പ് ലഭിച്ചതായി യോഗേശ്വർ ട്വിറ്ററിൽ കുറിച്ചു. മെഡൽ രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും യോഗേശ്വർ പറഞ്ഞു. റിയോയിലെ പരാജയത്തിന്റെ വേദന കുറയ്ക്കാൻ ഈ നേട്ടം ഉപകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടൻ ഒളിമ്പിക്സിനിടെ ശേഖരിച്ച സാമ്പിൾ റിയോ ഒളിമ്പിക്സിന് മുന്നോടിയായി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിൽ കുഡുഖോവ് ഉൾപ്പെടെ അഞ്ചു ഗുസ്തി താരങ്ങൾ കുടുങ്ങുകയായിരുന്നു. നാലു തവണ ലോകചാമ്പ്യനും രണ്ടുതവണ ഒളിമ്പിക്സ് ജേതാവുമായിരുന്ന കുഡുഖോവ് 2013ൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും ലോക റെസലിംഗ് ഫെഡറേഷന്റെയും ഔദ്യോഗിക സ്‌ഥിരീകരണം ഇനിയും ഉണ്ടാകണം. റിയോയിൽ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പങ്കെടുത്ത യോഗേശ്വർ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്താവുകയായിരുന്നു. ആറു മെഡലുകളായിരുന്നു ലണ്ടനിൽ ഇന്ത്യ നേടിയത്. നാലു വെങ്കലവും രണ്ടു വെള്ളിയും. ഇതോടെ ലണ്ടനിലെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നു വെള്ളിയും മൂന്നു വെങ്കലവും എന്നായി.


<ആ>തുണയായത് വാഡയുടെ കർശനനിലപാട്

ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ കർശന നിലപാടുകളാണ് യോഗേശ്വറിന് മെഡൽ തിരികെ ലഭിക്കുന്നതിന് ഇടയാക്കിയത്. മെഡൽ നേടിയ താരങ്ങളുടെ സാമ്പിളുകൾ കാലങ്ങൾ കഴിഞ്ഞാലും പരിശോധനയ്ക്കു വിധേയമാക്കുന്ന രീതിയാണ് 2004 മുതൽ വാഡ ചെയ്തു പോരുന്നത്. ഇത്തരത്തിൽ കുഡുഖോവിന്റെ ലണ്ടനിലെയും ബെയ്ജിംഗിലെയും സാമ്പിളുകൾ 2016ലും പരിശോധിച്ചു ഇതിന്റെ ഫലമാണ് ഇപ്പോൾ പോസിറ്റീവായിരിക്കുന്നത്. ഇത്തരത്തിലൊരു പദ്ധതിയേക്കുറിച്ച് തനിക്ക് അറിയുകപോലുമില്ലായിരുന്നെന്ന് യോഗേശ്വർ പറഞ്ഞു. ഫലത്തിൽ ഉത്തേജക പരിശോധനയിലുള്ള കർശന നിലപാടിലൂടെ നർസിംഗ് യാദവിന് മത്സരിക്കാനാവാതെ വന്നെങ്കിലും യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത് മുറിവിൽ തേച്ച മരുന്നുപോലെയായി. രാജ്യത്തെ കായികരംഗ്തതിനും യോഗേശ്വറിന്റെ നേട്ടം ഊർജമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.