ചാമ്പ്യന്മാരുടെ പോരാട്ടം
Saturday, October 1, 2016 11:32 AM IST
കോൽക്കത്ത: ഐഎസ്എൽ പ്രഥമ സീസണിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കോൽക്കത്തയും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയും ഇന്നു മുഖാമുഖം. ഐഎസ്എലിലെ രണ്ടാം മത്സരത്തിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളുടെ പോരാട്ടം മുറുകുമ്പോൾ ഏവരും ആകാംക്ഷയിലാണ്, ആരു ജയിക്കും?

കോൽക്കത്തയുടെ ഹോം ഗ്രൗണ്ട് സാൾട്ട് ലേക്കിൽനിന്ന് രവീന്ദ്ര സരോവർ സ്റ്റേഡിയത്തിലേക്കു മാറ്റിയ ശേഷം അവിടെ നടക്കുന്ന ആദ്യമത്സരത്തിൽ വിജയത്തോടെ തുടങ്ങാനാണ് സൗരവ് ഗാംഗുലിയുടെ ഉടമസ്‌ഥതയിലുള്ള ടീം ശ്രമിക്കുന്നത്. എന്നാൽ, അഭിഷേക് ബച്ചന്റെയും മഹേന്ദ്രസിംഗ് ധോണിയുടെയും ഉടമസ്‌ഥതയിലുള്ള ചെന്നൈയിൻ രണ്ട് എഡിഷനിലും പോരാട്ടവീര്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഇറ്റലിക്കു ലോകകപ്പ്് നേടിക്കൊടുത്ത ടീമിലെ പ്രതിരോധ താരം മാർക്കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ടീം ഇത്തവണയും മികച്ച നിരയുമായാണ് എത്തുന്നത്. എന്നാൽ, കഴിഞ്ഞ സീസണിലെ മിന്നും താരങ്ങളായ കൊളംബിയയുടെ സ്റ്റീവൻ മെൻഡോസയും ബ്രസീലിയൻ ലോകകപ്പ് താരം എലാനോ ബ്ലൂമറും ഇല്ലാത്തത് അവരുടെ ശക്‌തി ക്ഷയിപ്പിക്കുമെന്നാണ് ഒരു വാദം. എന്നാൽ, ഇറ്റലിയിൽ നിന്നുള്ള ഡേവിഡ് സൂച്ചിയും മൗറീഷ്യോ പെലൂസോയും മുന്നേറ്റനിരയിൽ ചെന്നൈയുടെ പ്രതീക്ഷകൾ കാക്കും. കഴിഞ്ഞ രണ്ടു സീസണിലും ചെന്നൈയുടെ വലകാത്ത ഗോൾകീപ്പർ എഡൽ ഇത്തവണ ഇല്ല.

ലിവർപൂളിന്റെ ഇതിഹാസ താരമായിരുന്ന ജോൺ ആർനെ റീസെ ആണ് അവരുടെ മാർക്വീ താരം. കഴിഞ്ഞ സീസണിൽ ഡൽഹിക്കു വേണ്ടി കളിച്ച റീസെയുടെ സാന്നിധ്യം ചെന്നൈയിനെ ശക്‌തരാക്കുന്നു. ഡച്ച് താരമായ ഹൻസ് മുൾട്ടറും ബ്രസീലിയൻ താരം റാഫേൽ ഓഗസ്തോയും മധ്യനിരയ്ക്ക് നേതൃത്വം നൽകുന്നു. ഇന്ത്യൻ ടീമിൽ ഇപ്പോൾ ഏറ്റവും ഫോമിലുള്ള ജെജെ ലാൽപെഖുലെയുടെ സാന്നിധ്യം മുന്നേറ്റനിരയ്ക്കു കരുത്താണ്.

പുതിയ വീട്ടിൽ അത്ലറ്റിക്കോ

സാൾട്ട് ലേക്കിൽനിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കു മാറിയതും പരിശീലകൻ അന്റോണിയോ ഹബാസും മാറിയതൊഴിച്ചാൽ അത്ലറ്റിക്കോ ഡി കോൽക്കത്തയ്ക്ക് കളിക്കാരുടെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു സീസണിലും അന്റോണിയോ ലോപ്പസ് ഹബാസായിരുന്നു പരിശീലകൻ. ഇത്തവണ ഹൊസെ ഫ്രാൻസിസ്കോ മോളിനോ ആണ് അവരുടെ പരിശീലകൻ.


ഗോൾകീപ്പറായി കളി തുടങ്ങുകയും സ്പെയിനിലെ വൻകിട ക്ലബ്ബുകളിൽ പരിശീലനം നൽകുകയും ചെയ്ത മോളിനോയുടെ തന്ത്രങ്ങളായിരിക്കും കോൽക്കത്തയെ മുന്നോട്ട് നയിക്കുന്നത്. സ്പാനിഷ് താരം ഡാനി മെയ്യോയാണ് ടീമിന്റെ ഒന്നാം നമ്പർ ഗോളി. ദേബ്ജിത്ത് മജുംദാർ, മോഹൻ ബഗാൻ താരം ഷിൾട്ടൻപോൾ എന്നിവരാണ് മറ്റ് ഗോൾകീപ്പർമാർ. ഇന്ത്യൻ അപ്രമാദിത്വമുള്ള പ്രതിരോധ നിരയിൽ രണ്ടു് വിദേശതാരങ്ങൾ മാത്രമാണ് ടീമിലുള്ളത്.

സ്പാനിഷ് താരങ്ങളായ ജോസ് ലൂയിസ് അരോയ്ക്കും പാബ്ലോ ഗല്ലാർഡയ്ക്കുമൊപ്പം അർണാബ് മൊണ്ടാൽ, കീഗർ പെരേര, പ്രീതം കോട്ടാൽ, കിൻഷുക് ദേവ്നാഥ്, പ്രബീർദാസ് തുടങ്ങിയ ഇന്ത്യൻനിരയും അണിനിരക്കുന്നു. മധ്യനിരയിലെ നിയന്ത്രണം സ്റ്റീഫൻ പിയേഴ്സൻ എന്ന സ്കോട്ടിഷ് താരത്തിലായിരിക്കും.

സ്പാനിഷ് താരം ജാവി ലാറ, ദക്ഷിണാഫ്രിക്കക്കാരൻ സമീങ്ദൗത്തി എന്നീ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളായ വിക്രംജിത് സിംഗ്, ലാൽറിൻഡിക്ക റാൽത്തെ, ജുവൽ രാജ, അഭിനാസ് റൂയ്ഡ്സ് എന്നിവർ ടീമിലുണ്ട്.

ഐഎസ്എലിലെ ഏറ്റവും മൂർച്ചയേറിയ മുന്നേറ്റ നിരയെയാണ് കോൽക്കത്ത കളത്തിലിറക്കിയിരിക്കുന്നത്. കനേഡിയൻ താരം ഇയാൻ ഹ്യൂം, സ്പാനിഷ് താരം യുവാൻ ബെലാൻകോസ എന്നിവർക്കൊപ്പം മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ എന്ന പോർച്ചുഗീസ് മുന്നേറ്റതാരം കൂടി വരുന്നതോടെ അത്ലറ്റിക്കോ ഡി കൊൽക്കത്ത കളിക്കളത്തിൽ ആർത്തിരമ്പും.

കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് പോസ്റ്റിഗയ്ക്ക് മിക്ക മത്സരങ്ങളും നഷ്‌ടമായിരുന്നു.

നേർക്കു നേർ

ഇരു ടീമും നേർക്കു നേർ ഏറ്റുമുട്ടിയത് ആറു തവണയാണ്. ഇതിൽ മൂന്നു തവണയും ജയം അത്ലറ്റിക്കോയ്ക്കൊപ്പം നിന്നു. ചെന്നൈയിനു ജയിക്കാനായത് ഒരു തവണ മാത്രം.

രണ്ടു മത്സരം സമനിലയിൽ കലാശിച്ചു. കഴിഞ്ഞ സീസൺ സെമിയിൽ രണ്ടാംപാദ മത്സരത്തിൽ 3–0ന് അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിൻ ഫൈനലിൽ കടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.