കിവീസിനെ പൊരിച്ചുതുടങ്ങി
കിവീസിനെ പൊരിച്ചുതുടങ്ങി
Saturday, October 1, 2016 11:35 AM IST
കോൽക്കത്ത: കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യയുടെ സ്പിന്നർമാരാണ് ന്യൂസിലൻഡിനെ കുഴിയിൽ വീഴിച്ചതെങ്കിൽ ഇത്തവണ പേസർമാർ നിറഞ്ഞാടിയതോടെ സന്ദർശകർക്ക് വലിയ വീഴ്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 128 റൺസ് എന്ന നിലയിലേക്കു കൂപ്പുകുത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 316 റൺസിന് അവസാനിച്ചു.

അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ ഭുവനേശ്വർ കുമാറാണ് കിവീസിനെ തകർത്തത്. കളിയുടെ ഇടയ്ക്കു മഴ മൂലം പലപ്പോഴും കടന്നെത്തിയത് മത്സരത്തിന്റെ ഒഴുക്കിനെ ബാധിച്ചു. ബി.ജെ. വാട്ലിംഗ് (12) , ജീതൻ പട്ടേൽ (5), എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റ് മാത്രം കൈയിലുള്ള ന്യൂസിലൻഡ് 188 റൺസ് പിറകിലാണ്. ഇന്ത്യൻ പേസർമാരുടെ തുടക്കത്തിലെ മിന്നുന്ന പ്രകടനം സ്പിന്നർമാരുടെ വരവിനെ താമസിപ്പിച്ചു. ഇന്ത്യൻ മണ്ണിൽ ഏകദേശം പത്ത് വർഷത്തിനുശേഷമാണ് സ്പിന്നർമാർ പെട്ടെന്ന് ബൗളിംഗിനെത്താത്തത്. 2007–08 ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ഇതിനു മുമ്പ് ഇന്ത്യയിൽ പേസർമാർ തുടക്കത്തിൽ ആഞ്ഞടിച്ചത്.

ഇന്ത്യയെ നേരത്തേ തന്നെ പുറത്താക്കി ഒന്നാം ഇന്നിംഗ്സ് തുടങ്ങാമെന്ന മോഹവുമായി ഇറങ്ങിയ കിവീസിന്റെ കടക്കുകൂട്ടലുകൾ തെറ്റി. വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കു നയിച്ചത്. ശേഷിക്കുന്ന വിക്കറ്റുകൾ വേഗത്തിൽ സ്വന്തമാക്കാനായി കിവീസ് ബൗളർമാർ ബൗൺസറുകൾ പ്രയോഗിച്ചു. ഏഴു വിക്കറ്റിന് 239 റൺസ് എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയെ വ്യദ്ധിമാൻ സാഹ പുറത്താകാതെ നേടിയ 54 റൺസ് മുന്നൂറു കടത്താൻ സഹായിച്ചു. സാഹയും രവീന്ദ്ര ജഡേജയും എട്ടാം വിക്കറ്റിൽ തീർത്ത സഖ്യം കിവീസിനെ ബുദ്ധിമുട്ടിച്ചു. ഈ സഖ്യം പൊളിക്കാനായി കിവീസ് ബൗൺസ് പ്രയോഗിച്ചു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. ജഡേജയ്ക്കെതിരേ നീൽ വാഗ്നർ ഷോട്ട് ബോൾ പ്രയോഗിച്ചു തോളിനൊപ്പമുയർന്ന പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമം പക്ഷേ മാറ്റ് ഹെൻറിയുടെ കൈകളിൽ അവസാനിച്ചു. സാഹ–ജഡേജ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ 41 റൺസാണ് സ്‌ഥാപിച്ചത്. ജഡേജ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 272ലെത്തി. ഈ സ്കോർ ഒമ്പത് റൺസ് കൂടി ചേർത്തശേഷം ഭുവനേശ്വർ കുമാർ പുറത്തായി. കിവീസിന്റെ ബൗളിംഗിനെ മനസിലാക്കിയശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പറിൽനിന്നും മികച്ച ഷോട്ടുകൾ പിറന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ സാഹയും മുഹമ്മദ് ഷാമിയും ചേർന്നു നേടിയ 35 റൺസ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഷാമി (14) ഉയർത്തിവിട്ട പന്ത് ബൗണ്ടറിക്കരികിൽ ഹെൻറി ഡൈവ് ചെയ്തു കൈക്കുള്ളിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കം മോശമായി. ടോം ലാഥത്തെ (1) ഷാമി വിക്കറ്റിനു മുന്നിൽ കുടുക്കി. താമസിയാതെ തന്നെ അടുത്ത അടിയുമേറ്റു. നന്നായി തുടങ്ങിയ മാർട്ടിൻ ഗപ്ടിലിനെ (13) ക്ലീൻബൗൾഡാക്കി ഭുവനേശ്വർ കിവീസ് രണ്ടാമത്തെ അടിയും കൊടുത്തു. ഹെൻറി നിക്കോളസിനും (1) ക്രീസിൽ അധികം ആയുസില്ലായിരുന്നു. ഈ വിക്കറ്റും ഭുവനേശ്വർ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടു സ്വന്തമാക്കി. ഇതിനുശേഷം പരിചയസമ്പന്നനായ റോസ് ടെയ്ലറും ലൂക്ക് റോഞ്ചിയും ചേർന്ന് രക്ഷാപ്രവർത്തനമാരംഭിച്ചു. അശ്വിന്റെയും ജഡേജയുടെയും സ്പിന്നിനെ ഫലപ്രദമായി നേരിട്ട ഈ സഖ്യം ഇന്ത്യ ബൗളർമാർക്കു മേൽ ആധിപത്യം സ്‌ഥാപിക്കുകയാണെന്നു തോന്നിച്ചു. എന്നാൽ റോഞ്ചിയെ (35) എൽബിഡബ്ല്യുവാക്കി ജഡേജ ഈ അപകടകാരിയായ ബാറ്റ്സമാനെ പുറത്താക്കി. 62 റൺസാണ് റോഞ്ചി–ടെയ്ലർ സഖ്യം നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്‌ഥാപിച്ചത്. റോഞ്ചി പുറത്തായതിനു പിന്നാലെ മഴയെത്തി. ഇതോടെ ഏകദേശം ഒന്നര മണിക്കൂർ മത്സരത്തിന് ഇടവേള ലഭിച്ചു. ഈ ഇടവേളയ്ക്കുശേഷമാണ് കിവീസ് തകർന്നത്. നാലിനു 85 റൺസ് എന്ന നിലയിൽനിന്നും ഏഴിനു 128 റൺസ് എന്ന നിലയിലേക്കു പതിച്ചു. ടെയ്ലറുടെ (36) പുറത്താകലും കിവീസിന്റെ പതനത്തിൽ ആക്കം കൂട്ടി. ഭുവനേശ്വർ കുമാറിന്റെ പന്തിൽ മുരളി വിജയ്ക്കു ക്യാച്ച് നല്കിയാണ് നായകൻ ടെയ്ലർ പുറത്തായത്. മിച്ചൽ സാന്റ്നറെ വിക്കറ്റിനു മുന്നിലും അടുത്ത പന്തിൽ മാറ്റ് ഹെൻറിയെ ക്ലീൻബൗൾഡാക്കിയും ഭുവനേശ്വർ രണ്ടാം ദിനം കിവീസിനു വൻ ആഘാതമേൽപ്പിച്ചു. 10 ഓവറിൽ 33 റൺസ് വഴങ്ങിയാണ് ഇന്ത്യൻ പേസർ അഞ്ചു വിക്കറ്റുകൾ കീശയിലാക്കിയത്.


സ്കോർബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്


ശിഖർ ധവാൻ ബി ഹെൻറി 1, വിജയ് സി വാട്ലിംഗ് ബി ഹെൻറി 9, പുജാര സി ഗപ്ടിൽ ബി വാഗ്നർ 87, കോഹ്ലി സി ലാഥം ബി ബൗൾട്ട് 9, രഹാനെ എൽബിഡബ്ല്യു ബി പട്ടേൽ 77, രോഹിത് ശർമ സി ലാഥം ബി പട്ടേൽ 2, അശ്വിൻ എൽബിഡബ്ല്യു ബി ഹെൻറി 26, സാഹ നോട്ടൗട്ട് 54, ഭുവനേശ്വർ എൽബിഡബ്ല്യു എൽബിഡബ്ല്യു ബി സാന്റ്നർ 5, ഷാമി സി ഹെൻറി ബി ബൗൾട്ട് 14, എക്സ്ട്രാസ് 18, ആകെ 104.5 ഓവറിൽ 316ന് എല്ലാവരും പുറത്ത്

ബൗളിംഗ്

ബൗൾട്ട് 20.5–9–46–2, ഹെൻറി 20–6–46–3, വാഗ്നർ 20–5–57–2, സാന്റ്നർ 23–5–83–1, പട്ടേൽ 21–3–66–2

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്

ഗപ്ടിൽ ബി ഭുവനേശ്വർ 13, ലാഥം എൽബിഡബ്ല്യു ബി ഷാമി 1, നിക്കോളസ് ബി ഭുവനേശ്വർ 1, ടെയ്ലർ സി വിജയ് ബി ഭുവനേശ്വർ 36, റോഞ്ചി എൽബിഡബ്ല്യു ബി ജഡേജ 35, സാന്റ്നർ എൽബിഡബ്ല്യു ബി ഭുവനേശ്വർ 11, വാട്ലിംഗ് നോട്ടൗട്ട് 12, ഹെൻറി ബു ഭുവനേശ്വർ 0, പട്ടേൽ 5, എക്സ്ട്രാസ് 14, ആകെ 34 ഓവറിൽ ഏഴിനു 128 റൺസ്

ബൗളിംഗ്

ഭുവനേശ്വർ 10–0–33–5, ഷാമി 11–0–46–1, ജഡേജ 8–3–17–1, അശ്വിൻ 5–2–23–0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.